ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്‌കോട്ട്‌ലാന്റ്. അസംഭവ്യം എന്നൊന്നില്ലെന്ന് വീണ്ടും തെളിയിച്ചു സ്‌കോട്ടിഷ് പട. ഏകദിന റാങ്കിങ്ങില്‍ ഒന്നാമതുള്ള ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് സ്‌കോട്ട്‌ലാന്റ് ഇന്നലെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

എഡിന്‍ബര്‍ഗിലെ കാണികളെ ആശ്ചര്യചകിതരാക്കിയാണ് സ്‌കോട്ട്‌ലാന്റ് ഇംഗ്ലണ്ടിനെ ആറ് റണ്‍സിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്റ് ഇംഗ്ലണ്ടിനെതിരെ 371 റണ്‍സിന്റെ ഹിമാലയന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അപ്പോഴും ഇംഗ്ലണ്ട് വിജയിക്കുമെന്ന് തന്നെയായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് പക്ഷെ 365 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലീഷ് നിരയിലെ ടോപ്പ് സ്‌കോറര്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് ബെയര്‍സ്‌റ്റോ. എന്നാല്‍ ജെയ്‌സണ്‍ റോയിയും ഇയാന്‍ മോര്‍ഗനും അലക്‌സ് ഹെയ്ല്‍സും ജോ റൂട്ടുമെല്ലാം അശ്രദ്ധ കാണിച്ചു പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി മാറുകയായിരുന്നു.

അവസാന നിമിഷങ്ങളില്‍ മോയിന്‍ അലി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം ഇംഗ്ലണ്ടിന് എതിരായിരുന്നു. കാലും മാക്ലിയോഡിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സ്‌കോട്ടിഷ് പടയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 140 റണ്‍സുമായി പുറത്താകെ നിന്നാണ് കാലും തിളങ്ങിയത്. സ്‌കോട്ട്‌ലാന്റിനായി ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ താരമായും ഇതോടെ കാലും മാറി.

ഇതോടെ ക്രിക്കറ്റ് ലോകമൊന്നാകെ സ്‌കോട്ട്‌ലാന്റിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെൻഡുല്‍ക്കറുടെ ട്വീറ്റായിരുന്നു ഏറ്റവും ശ്രദ്ധേയം. ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിനെ കുറിച്ചായിരുന്നു സച്ചിന്‍ പറഞ്ഞത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ പത്ത് ടീമുകളെ മാത്രം ഉള്‍പ്പെടുത്തിയത് വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് സച്ചിന്റെ ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ