ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്‌ലിക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പല മുൻ കളിക്കാരും കോഹ്‌ലിയെ പ്രശംസിച്ചിരുന്നു. റൺവേട്ടക്കാരനായ കോഹ്‌ലിക്ക് സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനെ മറികടക്കാനാകുമെന്നാണ് മുൻ ഇന്ത്യൻ താരം ഗുണ്ടപ്പ വിശ്വനാഥ് പ്രതീക്ഷ പ്രകടിപ്പിച്ചത്.

”കോഹ്‌ലിയുടെ പ്രകടനം ഓരോ മൽസരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെടുകയാണ്. തുടർച്ചയായി കോഹ്‌ലി സെഞ്ചുറി നേടുന്നുണ്ട്. ഏകദിന കരിയറിലെ 100 സെഞ്ചുറി എന്ന സച്ചിന്റെ റെക്കോർഡ് കോഹ്‌ലി തർക്കാനുളള എല്ലാ സാധ്യതകളുമുണ്ട്. റെക്കോർഡുകൾ തകർക്കാനുളളതാണ്. എനിക്കതിൽ സന്തോഷമേയുളളൂ. സച്ചിനും സന്തോഷിക്കുമെന്നാണ് കരുതുന്നത്. പക്ഷേ അതിന് ഇനിയും കാത്തിരിക്കണം” ഗുണ്ടപ്പ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ കോഹ്‌ലി തന്റെ 35-ാമത് ഏകദിന സെഞ്ചുറി നേടിയിരുന്നു. മാത്രമല്ല പരമ്പരയിൽ 500 ലധികം റൺസും കോഹ്‌ലി നേടി.

‘കോഹ്‌ലി ബ്രില്യന്റ് ആയ കളിക്കാരനാണ്. കോഹ്‌ലിയുടെ പ്രകടനം ഇതുപോലെ നിലനിൽക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കോഹ്‌ലിയുടെ ആത്മവിശ്വാസം ടീമിലും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ പ്രകടനത്തിന് അത് ഗുണം ചെയ്യുന്നുണ്ട്” ഗുണ്ടപ്പ പറഞ്ഞു.

2019 ലെ ലോകകപ്പ് മൽസരത്തിൽ ധോണി കളിക്കുന്നതിനെക്കുറിച്ചും ഗുണ്ടപ്പ പ്രതികരിച്ചു. ”സെലക്ടർമാരും ടീം മാനേജ്മെന്റും ധോണി ടീമിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ധോണി ഇപ്പോഴും അപകടകാരിയായ കളിക്കാരനാണ്”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ