‘ക്രിക്കറ്റ് പ്രേമികൾ ഒരു കാരണവശാലും കാണാതെ പോകരുത് ഈ ഇന്നിങ്സ്, നിങ്ങൾ ഒരു സച്ചിൻ ആരാധകൻ ആണെങ്കിൽ പ്രത്യേകിച്ച്!’ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഏകദിന സെഞ്ചുറി നേട്ടത്തെ ഇങ്ങനെയല്ലാതെ വിവരിക്കാൻ സാധിക്കില്ല.
26 വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു സെപ്റ്റംബർ ഒൻപതിനാണ് സച്ചിൻ ടെൻഡുൽക്കർ എന്ന അസാമാന്യ പ്രതിഭ തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി നേടുന്നത്. പിന്നീടങ്ങോട്ട് ഏകദിനത്തിൽ മാത്രം 48 സെഞ്ചുറികൾ കൂടി താരം സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണമാകട്ടെ നൂറിലുമെത്തി ! മാത്രമല്ല ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി എന്ന നേട്ടവും സ്വന്തം പേരിൽ കുറിച്ചു ഇന്ത്യയുടെ സ്വന്തം മാസ്റ്റർ ബ്ലാസ്റ്റർ
ആദ്യ ഏകദിന സെഞ്ചുറി ഓസ്ട്രേലിയക്കെതിരെ
1994 സെപ്റ്റംബർ ഒൻപതിനാണ് സച്ചിൻ ആദ്യ ഏകദിന സെഞ്ചുറി നേടുന്നത്. കരുത്തരായ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളി. കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം നടക്കുന്നത്. ഇന്ത്യ-ഓസ്ട്രേലിയ-ശ്രീലങ്ക എന്നീ ടീമുകൾ അണിനിരക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റായിരുന്നു അത്.
അരങ്ങേറ്റത്തിനു ശേഷം നാല് വർഷത്തെ കാത്തിരിപ്പ്
ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ ശേഷം നാല് വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു സച്ചിന് ആദ്യ സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ. അപ്പോഴേക്കും ഇന്ത്യയ്ക്ക് വേണ്ടി സച്ചിൻ 79 ഏകദിന മത്സരങ്ങളിൽ കളിച്ചിരുന്നു.
മത്സരഫലം
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 246 റൺസാണ് നേടിയത്. സച്ചിൻ ടെൻഡുൽക്കർ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്നു. സച്ചിനും മറ്റൊരു ഓപ്പണറായ മനോജ് പ്രഭാകറും ചേർന്ന് ആദ്യ വിക്കറ്റിൽ 87 റൺസ് സ്വന്തമാക്കി. 130 ബോളുകൾ നേരിട്ട സച്ചിൻ 110 റൺസ് നേടിയ ശേഷമാണ് പുറത്തായത്. എട്ട് ഫോറും രണ്ട് സിക്സും അടങ്ങിയ ഇന്നിങ്സായിരുന്നു സച്ചിന്റേത്. ഇന്ത്യയുടെ 246 റൺസ് പിന്തുടർന്ന ഓസീസ് 215 റൺസിനു ഓൾഔട്ടായി. 31 റൺസിന്റെ വിജയമാണ് സച്ചിൻ കന്നി സെഞ്ചുറി നേടിയ ഏകദിന മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.
The First ODI Hundred#OnThisDay in 1994, @sachin_rt scored his maiden ODI Hundred in his 79th game: 110 against Australia at Colombo.
Tendulkar went on to score 48 more ODI hundreds – which is still a Record. pic.twitter.com/JzBu2YSlTC
— Cricketopia (@CricketopiaCom) September 9, 2020
ടെസ്റ്റ് ക്രിക്കറ്റിൽ 51 ഉം ഏകദിന ക്രിക്കറ്റിൽ 49 ഉം സെഞ്ചുറി നേടിയിട്ടുള്ള സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറി നേടിയ ഏക താരമാണ്. 1994 സെപ്റ്റംബറിൽ കൊളംബോയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ആദ്യ സെഞ്ചുറി നേടിയതോടെ സച്ചിൻ മിഡിൽ ഓർഡറിൽനിന്നും എന്നെന്നേക്കുമായി ഇന്നിങ്സ് ഓപ്പണറിലേക്ക് മാറി. ഓപ്പണിങ് ബാറ്റ്സ്മാനായുളള ആദ്യ അഞ്ചു ഇന്നിങ്സുകളിൽ 82, 63, 40, 63, 73 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സമ്പാദ്യം. 463 ഇന്നിങ്സുകളിൽനിന്നായി 18,426 റൺസുമായാണ് സച്ചിൻ ഏകദിന കരിയർ അവസാനിപ്പിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook