ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടി പ്രതിരോധത്തിലായിരിക്കുകയാണ് ഓസ്ട്രേലിയന്‍ ടീം. കാമറൂണ്‍ ബാന്‍ക്രോഫ് പന്തില്‍ ചിപ്പ് പോലെയുളള വസ്തു ഉപയോഗിച്ച് ചുരണ്ടിയത് തന്റേയും ടീം നേതൃത്വത്തിന്റേയും അറിവോടെ ആണെന്ന് നായകന്‍ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ മറ്റുളളവരും പന്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് സ്മിത്ത് പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മിക്കവരും ഇത്തരത്തില്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ചിലര്‍ മാത്രമാണ് പിടിക്കപ്പെടുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

‘സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും ഒരിക്കല്‍ ഇപ്രകാരം ചെയ്തിട്ടുണ്ട്’ എന്ന് സ്മിത്ത് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. 2001ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് സച്ചിനെതിരായ ആരോപണം ഉയര്‍ന്നത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തിനിടെ സച്ചിന്‍ പന്തില്‍ കൈകൊണ്ട് ഉരസുന്നതാണ് ടിവി ദൃശ്യങ്ങളില്‍ കണ്ടത്. എന്നാല്‍ പന്തില്‍ പറ്റിക്കിടന്ന പുല്ല് നീക്കം ചെയ്യുകയായിരുന്നു സച്ചിന്‍ ചെയ്തത്. എന്നാല്‍ മാച്ച് റഫറിയായിരുന്ന മൈക്ക് ഡെന്നിസ് സച്ചിനെ ഒരു മത്സരത്തില്‍ നിന്നും വിലക്കി. അതേസമയം വംശീയവിദ്വേഷമാണ് ഡെന്നിസ് കാണിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നു. ഐസിസി സച്ചിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അടുത്ത മത്സരത്തില്‍ നിന്നും ഡെന്നിസിനെ മാച്ച് റഫറി സ്ഥാനത്ത് നിന്നും നീക്കി.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നിരവധി തവണ പന്തില്‍ കൃത്രിമം കാട്ടിയതിന് പിടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നായകനായ ഡൂ പ്ലെസിസും ഉണ്ടായിരുന്നു. 2016ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ വായില്‍ ഉണ്ടായിരുന്ന ച്യൂവിംഗ് ഗം തൊട്ട് പന്തില്‍ ഉരസിയായിരുന്നു അദ്ദേഹം പിടിക്കപ്പെട്ടത്. അന്ന് ഓസ്ട്രേലിയന്‍ ടീം പരാതി നല്‍കിയില്ലെങ്കിലും ഐസിസി നടപടി എടുത്തു. അദ്ദേഹത്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കേണ്ടിയും വന്നു. 2013ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലും പ്ലെസിസ് ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ട്. ദുബായില്‍ നടന്ന മത്സരത്തിനിടെ പാന്റിന്റെ പോക്കറ്റില്‍ ഘടിപ്പിച്ച സിബ്ബില്‍ പന്ത് ഉരസുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അന്ന് മാച്ച് ഫീയുടെ 50 ശതമാനമാണ് അദ്ദേഹത്തിന് പിഴ ഒടുക്കേണ്ടി വന്നത്. ദക്ഷിണാഫ്രിക്കന്‍ താരം വെര്‍ണന്‍ ഫിലാണ്ടര്‍ 2014ല്‍ പന്തില്‍ ഉരസി പാട് വരുത്തിയതിനും പിടിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ