മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം വിറ്റെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്നും താന്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരിക്കുമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പറഞ്ഞു. ഐഎസ്എല്‍ തുടങ്ങിയ കാലം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമയായ സച്ചിന്റെ മുഴുവന്‍ ഷെയറും വില്‍ക്കുകയാണെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഷെയറിന്റെ 20 ശതമാനമായിരുന്നു സച്ചിന്റെ പേരിലുണ്ടായിരുന്നത്. ഇതും മറ്റുള്ളവരുടെ ഷെയറുമെല്ലാം ഒരുമിച്ചാണ് വിറ്റിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നാല് കൊല്ലമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ഈ കാലയളവില്‍ ഓരോ ആരാധകനും കടന്നു പോയ മാനസികാവസ്ഥയിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഫുട്‌ബോള്‍ എന്ന കളിയോടുള്ള തന്റെ സ്‌നേഹവും താരങ്ങള്‍ക്കും ആരാധകര്‍ക്കും അവരുടെ ഫുട്‌ബോള്‍ സ്‌നേഹം ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാനുള്ള അവസരം ഒരുക്കുകയെന്ന ആഗ്രഹവുമായിരുന്നു തന്നെ ടീമിന്റെ ഉടമസ്ഥതയിലെത്തിച്ചതെന്നും സച്ചിന്‍ പറഞ്ഞു.

ടീമുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും തനിക്കും ടീമിനും മുന്നോട്ട് പോകാനുള്ള സമയമാണിതെന്നും സച്ചിന്‍ പറയുന്നു. പ്രസ്താവനയിലൂടെയായിരുന്നു സച്ചിന്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണെന്നും ഒരുപാട് മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എന്നും ബ്ലാസ്‌റ്റേഴ്‌സിനായി തുടിക്കുമെന്നു പറഞ്ഞാണ് സച്ചിന്‍ അവസാനിപ്പിക്കുന്നത്.

വ്യവസായ ഭീമനായ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സച്ചില്‍ നിന്നും ടീമിന്റെ ഉടസ്ഥാവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സച്ചിന്‍ ഉടമസ്ഥാവകാശം വിറ്റു എന്നത് സ്ഥിരീകരിക്കപ്പെട്ടെങ്കിലും ആരാണ് വാങ്ങിയത് എന്നത് വ്യക്തമായിട്ടില്ല.

2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്. 2015ല്‍ പോട്ടലുരിയുടെ പിവിപി ടീമിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്‌സിന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.

പിന്നീട് സച്ചിനില്‍ നിന്നും 20 ശതമാനം കൂടി ദക്ഷിണേന്ത്യന്‍ സിനിമാ സംഘം വാങ്ങി. എന്നാല്‍ ഇപ്പോള്‍ ടീമിന്റെ പൂര്‍ണ ഉടമസ്ഥാവകാശമാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്.മലയാളി ആയ ഒരു വ്യവസായി ടീം ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഫലവും ഉത്തരവാദിത്വവും മാനേജ്‌മെന്റിന് ഉണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഈമാസം 29ന് എടികെയ്ക്ക് എതിരെയാണ് അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook