ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മൽസരത്തില്‍ പന്തില്‍ കൃത്രിമത്വം കാണിച്ച് വെട്ടിലായ ഓസീസ് താരങ്ങള്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്റ്റും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഓസീസ് മുന്‍ നായകന്‍ സ്മിത്ത് മാധ്യമങ്ങളോട് സംസാരിച്ചത്. സംഭവിച്ചത് തന്റെ മാത്രം പിഴയാണെന്നും ക്രിക്കറ്റാണ് തന്റെ ലോകമെന്നും സ്മിത്ത് പറഞ്ഞു. പരിശീലകനായ ഡാരണ്‍ ലെഹ്മാനും കണ്ണു നിറഞ്ഞ് കൊണ്ടാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ക്രിക്കറ്റ് ലോകം ഒന്നടങ്കം ഓസീസ് ടീമിന്റെ ചെയ്തിയെ വിമര്‍ശിച്ച് രംഗത്തെത്തി. മൂന്ന് താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയപ്പോള്‍ ലഭിച്ച സ്വീകരണവും മോശമായിരുന്നു. സ്മിത്തിനെ കൂവി വിളിച്ചാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. എന്നാല്‍ താരങ്ങളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് കടുത്തതാണെന്ന് പറഞ്ഞ് മറ്റു ചിലരും രംഗത്തെത്തി. സച്ചിന്‍ തെന്‍ഡുല്‍ക്കാറാണ് അവരില്‍ ഒരാള്‍.

അവര്‍ ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുമ്പോള്‍ അവരെ അവരുടെ ചിന്തയ്ക്ക് വിട്ടു മാറി നില്‍ക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. താരങ്ങളെ പോലെ തന്നെ മനോവിഷമം അനുഭവിക്കേണ്ടി വരുന്ന അവരുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. അവര്‍ ചെയ്തതിന്റെ ഫലം അവര്‍ അനുഭവിക്കുന്നുണ്ടെന്നും ഇപ്പോള്‍ നമ്മള്‍ പിന്നോട്ട് മാറി നിന്ന് അവര്‍ക്ക് ഇടം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പന്തിൽ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ ഒരു വർഷത്തെ വിലക്കാണ് സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ പിഴയായി വിധിച്ചത്. സ്മിത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് ഇന്നലെ രംഗത്തെത്തിയിരുന്നു. തനിക്ക് സ്റ്റീവ് സ്മിത്തിനോട് സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ ദക്ഷിണാഫ്രിക്കൻ നായകൻ, ഓസീസ് ക്യാപ്റ്റന് വിധിച്ച ശിക്ഷ കൂടിപ്പോയെന്നും വിമർശിച്ചു.

“ഭ്രാന്തമായ ആഴ്ചയാണ് കഴിഞ്ഞുപോയത്. അദ്ദേഹം കടന്നുപോകുന്ന അവസ്ഥയോട് എനിക്ക് സഹതാപം ഉണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എന്നാൽ മോശപ്പെട്ട അവസ്ഥയിൽ പിടിക്കപ്പെട്ടുവെന്നാണ് ഞാൻ കരുതുന്നത്,” ഡുപ്ലെസിസ് പറഞ്ഞു. “ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശമയച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ആഴത്തിൽ നിന്നുളള വേദനയിൽ നിന്നാണ് ഞാനത് അയച്ചത്. ഇത്തരം അവസ്ഥയിലൂടെ ആളുകൾ കടന്നുപോകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വരും ദിവസങ്ങൾ അദ്ദേഹത്തെ കൂടുതൽ വിഷമിപ്പിച്ചേക്കാം. അതിനാലാണ് അദ്ദേഹത്തിന് ഞാനെന്റെ പിന്തുണ അറിയിച്ചത്. അദ്ദേഹം ശക്തനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” സ്റ്റീവ് സ്മിത്തിന് അയച്ച സന്ദേശത്തെ കുറിച്ച് ഡുപ്ലെസിസ് വ്യക്തമാക്കി.

ഐസിസി തങ്ങളുടെ ശിക്ഷ പുനഃപരിശോധിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്താണ് ഡുപ്ലെസിസ് സംസാരിച്ചത്. “ശിക്ഷ കൂടുതലാണെന്ന് ഞാൻ കരുതുന്നു. സ്ഥിരതയ്ക്ക് വേണ്ടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇവിടെ ഒരുപാട് കാലപ്പഴക്കമുളള പലതുമുണ്ട്,” ഡുപ്ലെസിസ് പറഞ്ഞു.

കേപ്ടൗണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പന്തിൽ കൃത്രിമത്വം കാണിക്കാൻ നടത്തിയ ശ്രമമാണ് ഓസീസ് താരങ്ങളെ കുരുക്കിയത്. പന്തിൽ കൃത്രിമത്വം കാട്ടിയ ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും സംഭവത്തിലെ ഗൂഢാലോചനയുടെ പേരിൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ