ന്യൂഡൽഹി: രാജ്യം ഒന്നടങ്കം അംഗീകരിക്കുന്ന കായിക താരം ആരാണെന്ന് ചോദിച്ചാൽ ലഭിക്കുന്ന ആദ്യ ഉത്തരം സച്ചിൻ രമേശ് ടെൻഡുൽക്കർ എന്ന പേരായിരിക്കും. ഇന്ത്യക്കാരെ സംബന്ധിച്ച് സച്ചിൻ ഒരു പേര് മാത്രമല്ല. വികാരമാണ്. അതുകൊണ്ടു തന്നെയാണ് ‘ക്രിക്കറ്റ് ദൈവ’മെന്നൊക്കെ സച്ചിനെ വിശേഷിപ്പിക്കുന്നത്. മറ്റ് കായിക മേഖലകളുടെ പുരോഗതിക്കായി തന്നാലാകും വിധം പ്രയത്‌നിക്കുന്നയാൾ കൂടിയാണ് സച്ചിന്‍ .

എന്നാൽ അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ദൈവം വിവാദത്തിലായിരിക്കുകയാണ്. ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങിയതോടെയാണ് പുതിയ വിവാദം തലപൊക്കിയത്. സച്ചിനെ താരമായി വര്‍ണിച്ചുകൊണ്ടാണ് അധികൃതര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

ഫുട്‌ബോള്‍ ലോകകപ്പുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ബന്ധമെന്താണെന്ന ചോദ്യമടക്കം ഉയര്‍ന്നിട്ടുണ്ട്. ക്രിക്കറ്റിലെ ഇതിഹാസമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഫുട്‌ബോളില്‍ സച്ചിന്റെ പ്രസക്തി എന്താണെന്ന് ചോദിക്കുന്നവരും കുറവല്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ സുനില്‍ ചേത്രിയെ ഉള്‍പ്പെടുത്താതെ സച്ചിനെ ഉള്‍പ്പെടുത്തിയതിനു പിന്നിലെ ചേതോവിഹാരം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.


ടൂർണ്ണമെന്റിന്റെ സംപ്രേക്ഷണാവകാശം നേടിയിട്ടുള്ള സോണി പിക്ച്ചേഴ്സാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ‘കർ കെ ദിക്കലാ ഡെ ഗോൾ’ എന്ന ഗാനം ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാവുകയാണ്. സച്ചിൻ ടെൻഡുൽകർക്ക് പുറമേ ബൈയ്ചുങ് ബൂട്ടിയയും ഗായകൻ ബാബുൽ സസപ്രിയോയും ഈ ഗാനത്തിന്രെ ദൃശ്യാവിഷ്കാരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ കലാ- സാംസ്കാരിക പൈതൃകങ്ങൾ ഉൾക്കൊള്ളിച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ