സച്ചിനാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ പന്തെറിയുന്നത് കാണാനാണ് ക്രിക്കറ്റ് പ്രേമികൾക്ക് ഇഷ്ടം. ഇരുവരും നേർക്കുനേർ എത്തുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം കൂടും. കളിക്കളത്തിൽ സച്ചിൻ തെൻഡുൽക്കറുടെ മുന്നിൽ ബ്രെറ്റ് ലീ പലതവണ അടിയറവ് പറഞ്ഞിട്ടുണ്ട്. ബ്രെറ്റ് ലീയുടെ ഫാസ്റ്റ് ബോളിങ്ങിനുമുന്നിൽ അടിപതറാതെ നിന്ന് സച്ചിൻ വിജയങ്ങൾ കൊയ്തിട്ടുമുണ്ട്. വർഷങ്ങൾക്കിപ്പുറം പഴയ എതിരാളികൾ വീണ്ടും ഏറ്റുമുട്ടി. അപ്പോഴും വിജയം സച്ചിന് സ്വന്തം.

ഇത്തവണ ക്രിക്കറ്റ് മൈതാനത്ത് അല്ല ഇരുതാരങ്ങളും ഏറ്റുമുട്ടിയത്, കാർട്ടിങ് ട്രാക്കിലാണ്. മുംബൈയിൽ നടന്ന കാർട്ടിങ് റെയ്സിലാണ് സച്ചിനും ബ്രെറ്റ് ലീയും പങ്കെടുത്തത്. മൽസരത്തിൽ സച്ചിൻ വിജയിക്കുകയും ചെയ്തു. കാർട്ടിങ് റെയ്സിൽ പങ്കെടുത്തതിന്റെ അനുഭവം വിവരിക്കുന്ന വിഡിയോ ലീ തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സച്ചിൻ കാർട്ടിങ് റെയ്സിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബോളർമാരിൽ ഒരാളായാണ് ബ്രെറ്റ് ലീയെ കണക്കാക്കപ്പെടുന്നത്. 1999 ഡിസംബറിൽ ഇന്ത്യക്കെതിരെയാണ് ലീ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. ഒരു മാസത്തിനുശേഷം പാക്കിസ്ഥാനെതിരെ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിൽ 310 ഉം, ഏകദിനത്തിൽ 380 ഉം വിക്കറ്റ് ബ്രെറ്റ് ലീ നേടിയിട്ടുണ്ട്. 2012 ജൂലൈ 13ന് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ