ഇന്ത്യയ്ക്കകത്തും പുറത്തും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനുള്ള ആരാധകർ കുറച്ചൊന്നുമല്ല. ക്രിക്കറ്റിൽ ഏറ്റവും സൗമ്യനും ക്ഷമാശീലനുമാണ് സച്ചിനെന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. എന്നാൽ, സച്ചിൻ പറ്റിക്കലുകളുടെ ‘ഉസ്താദ്’ ആയിരുന്നു എന്നാണ് മുൻ താരം ഹേമംഗ് ബദനി പറയുന്നത്. വർഷങ്ങൾക്കു മുൻപ് സച്ചിൻ ചെയ്തൊരു പറ്റിക്കൽ കഥയും ബദനി വെളിപ്പെടുത്തി.
മുൻ ഇന്ത്യൻ താരവും മികച്ച പേസ് ബോളറുമായ ജവഗൽ ശ്രീനാഥാണ് സച്ചിന്റെ പറ്റിക്കലിനു ഇരയായത്. ശ്രീനാഥിനെ പറ്റിക്കാൻ സച്ചിനൊപ്പം താനും കൂട്ടുനിന്നെന്ന് ബദനി പറയുന്നു. 2002 ൽ ഇംഗ്ലണ്ടിനെതിരായ കട്ടക്കിൽ നടന്ന മത്സരത്തിലാണ് സച്ചിൻ ശ്രീനാഥാനിട്ടൊരു പണി കൊടുക്കുന്നത്. ശ്രീനാഥിന്റെ ജേഴ്സി പാന്റ്സ് ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു സച്ചിൻ ചെയ്തത്.
Read Also: അത് സച്ചിന്റെ ഐഡിയ, വെറുതെ ചാപ്പലിനെ കുറ്റപ്പെടുത്തേണ്ട: പത്താൻ
സംഭവത്തെ കുറിച്ച് ബദനി പറയുന്നത് ഇങ്ങനെ: ” പരിശീലനം നടക്കുന്ന സമയത്ത് സച്ചിൻ എന്നെ വിളിച്ചു. ശ്രീനാഥിന്റെ ബാഗിൽ നിന്ന് ജഴ്സി പാന്റ്സ് മാറ്റണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ശ്രീനാഥിന്റെ പാന്റ്സ് മാറ്റി പകരം തന്റെ പാന്റ്സ് ആ ബാഗിൽ വയ്ക്കണമെന്നാണ് സച്ചിൻ എന്നോട് പറഞ്ഞത്. എനിക്കാകെ സംശയമായി. ശ്രീനാഥിന് നല്ല ഉയരമുണ്ട്, ഏകദേശം ആറടി രണ്ട് ഇഞ്ചോ ആറടി മൂന്ന് ഇഞ്ചോ ആണ് ശ്രീനാഥിന്റെ ഉയരം. ഇത്രയും ഉയരമുള്ള ആൾക്ക് സച്ചിന്റെ പാന്റ്സ് എങ്ങനെ പാകമാകും? സച്ചിന് അഞ്ചടി അഞ്ച് ഇഞ്ച് മാത്രമല്ലേ ഉയരം? ,”
“പിന്നീട്, മത്സരം തുടങ്ങുന്നതിനു മുൻപ് സച്ചിൻ ഇക്കാര്യം എന്നോട് ആവർത്തിച്ചു. ഞാൻ അതുപോലെ ചെയ്തു. സച്ചിന്റെ പാന്റ്സ് ശ്രീനാഥിന്റെ ബാഗിൽവച്ചു. പകരം ശ്രീനാഥിന്റെ പാന്റ്സ് ഞാൻ എടുത്തു. ശ്രീനാഥ് ഇതൊന്നും ശ്രദ്ധിച്ചില്ല. സച്ചിന്റെ പാകമാകാത്ത പാന്റ്സ് ധരിച്ച് അദ്ദേഹം കളിക്കാനിറങ്ങി. എന്നാൽ, സഹതാരങ്ങളെല്ലാം ശ്രീനാഥിനെ നോക്കി ചിരിക്കാൻ തുടങ്ങി. അപ്പോഴാണ് ശ്രീനാഥ് കാര്യം മനസിലാക്കിയത്. ഒരു ഓവർ പന്തെറിഞ്ഞ ശേഷം ശ്രീനാഥ് ഡ്രസിങ് റൂമിലേക്ക് ഓടിയെത്തി. ഞാൻ ആ സമയത്ത് ഡ്രസിങ് റൂമിലുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഞാൻ കളിക്കുന്നില്ല. ഡ്രസിങ് റൂമിലേക്ക് ഓടിയെത്തിയ ശ്രീനാഥ് ദേഷ്യപ്പെട്ടു. ആരാണ് ഇത് ചെയ്തതെന്ന് എന്നോട് ചോദിച്ചു. ഞാൻ കെെ മലയർത്തി. ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ലെന്ന് ഞാൻ ശ്രീനാഥിനോട് പറഞ്ഞു. ഫീൽഡിങ്ങിനു നിന്നിരുന്ന ആരോ ആണ് പാന്റ്സ് വളരെ ചെറുതാണല്ലോ എന്ന കാര്യം ശ്രീനാഥിനോട് പറഞ്ഞത്. എന്തായാലും ഡ്രസിങ് റൂമിലെത്തിയ ശ്രീനാഥ് പാന്റ്സ് മാറി വീണ്ടും കളിക്കാനിറങ്ങി. പത്ത് ഓവറിൽ 41 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.” ബദനി ചിരിച്ചുകൊണ്ട് പറഞ്ഞു.