ഗുജറാത്ത് ലയൺസിനെതിരെ മിന്നും പ്രകടനം നടത്തിയ ഋഷഭ് പന്തിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് താരങ്ങൾ. 19 കാരനായ ഋഷഭിന് മൂന്നു റൺസ് അകലത്തിലാണ് ഐപിഎല്ലിൽ ആദ്യ സെഞ്ചുറിയെന്ന നേട്ടം നഷ്ടമായത്. സെഞ്ചുറി നഷ്ടമായെങ്കിലും ഋഷഭിന്റെ കളിക്ക് അതിലും വലിയ ബഹുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇന്നലത്തെ തന്റെ ഇന്നിങ്സിലൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ പ്രശംസ നേടിയിരിക്കുകയാണ് ഋഷഭ്.

ഐപിഎല്ലിൽ താൻ ഇതുവരെ കണ്ടവയിൽ മികച്ച ഇന്നിങ്സുകളിൽ ഒന്നെന്നായിരുന്നു സച്ചിൻ ട്വീറ്റ് ചെയ്തത്. സച്ചിനു പുറമേ വിരേന്ദർ സേവാഗ്, സൗരവ് ഗാംഗുലി, രോഹിത് ശർമ, ജോസ് ബട്‌ലർ എന്നിവരും ഋഷഭിനെ പ്രശംസിച്ചിട്ടുണ്ട്.

നന്നായി ബാറ്റ് ചെയ്യാൻ കഴിവുളള ബാറ്റ്സ്മാൻ മാത്രമല്ല ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ് ഋഷഭ് എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്. ഋഷഭ് പന്തും സഞ്ജുവും സ്‌പെഷ്യലാണെന്നും ഇരുവരിലും ടീമുകൾക്ക് ഒരു കണ്ണ് വേണമെന്നും ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. ഋഷഭ് ഒരു സെഞ്ചുറി അര്‍ഹിച്ചിരുന്നുവെന്നും നന്നായി കളിച്ചുവെന്നുമായിരുന്നു രോഹിത് ശർമ കുറിച്ചത്.

ഇന്നലെ നടന്ന മൽസരത്തിൽ ഗുജറാത്ത് ലയൺസിനെ ഏഴു വിക്കറ്റിന് ഡൽഹി ഡെയർ ഡെവിൾസ് തോൽപ്പിച്ചിരുന്നു. ഋഷഭിന്റെയും സഞ്ജുവിന്റെയും അർധസെഞ്ചുറികളാണ് ഡൽഹിക്ക് വിജയം നേടിക്കൊടുത്തത്. ഋഷഭ് 43 പന്തിൽ നിന്നായി 97 റൺസ് എടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ