കളിക്കളത്തിലേക്ക് സച്ചിനിറങ്ങുമ്പോൾ എപ്പോഴും മുഴങ്ങി കേൾക്കുന്ന വിളിയാണ് സച്ചിൻ…സച്ചിൻ…സച്ചിൻ… പ്രായഭേദ്യമന്യേ ഏവരും ഏറ്റെടുത്ത ആ വിളി ആദ്യം തുടങ്ങി വെച്ചത് തന്റെ അമ്മയാണെന്ന് മാസ്റ്റർ ബ്ളാസ്റ്റർ. സച്ചിന്റെ ജീവിതം ആസ്‌പദമാക്കിയിറങ്ങുന്ന സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന ചിത്രത്തിന്റെ ഗാനം പ്രകാശനം ചെയ്യുന്നതിനിടെയാണ് സച്ചിൻ ഏവരും കേൾക്കുന്ന ആ വിളിയുടെ രഹസ്യം പറഞ്ഞത്.

”സത്യത്തിൽ അമ്മയാണ് സച്ചിൻ…സച്ചിൻ വിളി തുടങ്ങിയത്. കളിക്കാൻ പോകുമായിരുന്ന എന്നെ വീട്ടിലേക്ക് തിരിച്ചെത്താനായി സച്ചിൻ…സച്ചിൻ എന്ന് അമ്മ വിളിക്കുമായിരുന്നു”. എവിടെ നിന്നാണ് ഈ വിളി ആദ്യം കേട്ടതെന്ന ചോദ്യത്തിനാണ് സച്ചിൻ ഈ മറുപടി നൽകിയത്.

താന്‍ കളി അവസാനിപ്പിച്ച ശേഷം സച്ചിന്‍… സച്ചിന്‍… വിളി കേള്‍ക്കാനാകില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ആ വിളി തിയേറ്ററില്‍ നിന്നും കേള്‍ക്കാന്‍ കഴിയുമെന്നതില്‍ സന്തോഷവാനാണെന്നും സച്ചിന്‍ പറയുന്നു.

കൈയ്യിൽ ബാറ്റുമായി നിൽക്കുന്ന ചിത്രത്തെകുറിച്ചും സച്ചിൻ വാചാലനായി. സഹോദരനോടൊപ്പം കളിച്ചു കൊണ്ടിരിക്കെ എടുത്ത ചിത്രമാണത്. എനിക്ക് നാലോ അഞ്ചോ വയസുളളപ്പോൾ ബാൽക്കണിയിൽ വെച്ചെടുത്ത ചിത്രം. എന്റെ പൊസിഷനുകളൊന്നും ശരിയല്ലായിരുന്നു. എന്നാൽ പന്ത് അടിച്ചു വിടുകയെന്നത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അത് ക്രിക്കറ്റ് ബാറ്റായാലും ടെന്നീസ് റാക്കറ്റായാലും ശരി- സച്ചിൻ പറഞ്ഞു.

സച്ചിൻ … സച്ചിൻ… സച്ചിൻ എന്ന ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട വിളിയോട് കൂടിയുളള സച്ചിൻ എ ബില്യൺ ഡ്രീംസ് ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഇർഷാദ് കാമിലാണ്.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ