മുംബൈ: കലൂർ ജവഹർ ലാൽ നെഹ്രറു സ്റ്റേഡിയത്തിൽ ഇന്ത്യ Vs വെസ്റ്റൻഡീസ് മത്സരം നടത്താൻ നിശ്ചയിച്ച തീരുമാനത്തിനെതിരെ ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്സ് ഉടമയുമായ സച്ചിൻ ടെൻഡുൽക്കർ. ഫിഫയുടെ അംഗീകാരമുളള ഫുട്ബോൾ മൈതാനമാണ് കൊച്ചിയിലേതെന്നും അത് നശിപ്പിക്കരുതെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.

ഫുട്ബോൾ ആരാധകരെയും ക്രിക്കറ്റ് ആരാധകരെയും നിരാശപ്പെടുത്തരുതെന്നും സച്ചിൻ ആവശ്യപ്പെട്ടു. ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തിക്കൂടേയെന്നും സച്ചിൻ ചോദിക്കുന്നു. ഈ വിഷയം ബിസിസിഐ സെക്രട്ടറി വിനോദ് റായിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇടപെടാമെന്ന് ഉറപ്പ് നൽകിയതായും സച്ചിൻ ട്വിറ്റ് ചെയ്തു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരത്തിനായി കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ഐ.എം.വിജയനും സി.വി.പാപ്പച്ചനും ആവശ്യപ്പെട്ടിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും ഇന്നലെ കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരുന്നു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചിയിൽ നടത്താൻ കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനമായത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണു മൽസരം.

രാജ്യാന്തര ഫുട്ബോൾ സംഘടനയുടെ മേൽനോട്ടത്തിൽ കൊച്ചി സ്റ്റേഡിയത്തിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നത് ഒഴിവാക്കണമെന്നാണ് ഫുട്ബോൾ താരങ്ങളും ആരാധകരും ആവശ്യപ്പെടുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയുളള തിരുവനന്തപുരം സ്റ്റേഡിയം ഉളളപ്പോൾ അവിടെ ക്രിക്കറ്റ് മൽസരം നടത്താതെ എന്തിനാണ് കൊച്ചിയിൽ നടത്തുന്നതെന്നാണ് ഫുട്ബോൾ പ്രേമികൾ ചോദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook