മുംബെെ: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറ്റവും സന്തോഷം നൽകുന്ന നിമിഷങ്ങൾ ഏതൊക്കെയെന്ന് ചികഞ്ഞുനോക്കിയാൽ അതിൽ ആദ്യ സ്ഥാനത്തുണ്ടാകുക സച്ചിൻ-സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ടായിരിക്കും. ഇന്ത്യയ്‌ക്കു പുറത്തും ഏറെ ആരാധകരുള്ള ജോഡിയാണ് ഇത്.

ഇരുവരും ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വീണ്ടും ആ അതുല്യ കൂട്ടുക്കെട്ട് കളത്തിലിറങ്ങാൻ പോകുകയാണ്. റോഡ് സേഫ്‌റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും ഒന്നിച്ചുകളിക്കുന്നത്. റോഡ് സേഫ്‌റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ലെജൻഡ് ടീമിനെ പ്രഖ്യാപിച്ചു.

Read Also: ഏഴോ എട്ടോ തവണ കുമ്പളങ്ങി നെെറ്റ്‌സ് തിയറ്ററിൽ പോയി കണ്ടു: അന്ന ബെൻ

സച്ചിനും സേവാഗും ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. യുവരാജ് സിങ്, സഹീർ ഖാൻ, ഇർഫാൻ പത്താൻ എന്നിവരും ടീമിലുണ്ട്. പ്രിയപ്പെട്ട താരങ്ങളെല്ലാം വീണ്ടും കളത്തിലിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് അതൊരു ആവേശമാകും.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സഹ പരീലകനായിരുന്ന സഞ്‌ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍, മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, സമീര്‍ ദിഗെ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

റോഡ് സേഫ്‌റ്റി സീരിസിന്റെ ഭാഗമായി പതിനൊന്ന് മത്സരങ്ങളാണ് നടക്കുക. ഇന്ത്യയ്‌ക്കു പുറമേ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇതിഹാസ താരങ്ങളും മത്സരത്തിൽ പങ്കെടുക്കും.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിന്റെ ഭാഗമാകുക. ബ്രെറ്റ് ലീ, തിലകരത്‌നെ ദില്‍ഷന്‍, ജോണ്ടി റോഡ്‌സ് എന്നീ താരങ്ങളും മത്സരത്തില്‍ പാഡണിയും. ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്ന വാര്‍ത്തയാണ് പ്രിയ താരങ്ങളുടെ ഏറ്റുമുട്ടല്‍.

Read Also: രണ്ടാമൂഴം: എം.ടി.വാസുദേവൻ നായരുടെ ഹർജിയിലെ നടപടികൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ

റോഡ് സുരക്ഷാ സന്ദേശങ്ങള്‍ ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സീരിസ് നടത്തുന്നത്. ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ ബ്രയാന്‍ ലാറയും, ദക്ഷിണാഫ്രിക്കയെ ജോണ്ടി റോഡ്‌സും ശ്രീലങ്കയെ തിലകരത്നെ ദില്‍ഷനുമാണ് നയിക്കുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മിഷണർ സുനിൽ ഗവാസ്‌കറാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook