2013ലാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത്. മഹേന്ദ്ര സിങ് ധോണിയുടെ നായകഗുണം താന്‍ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സ്ലിപ്പില്‍ നിലയുറപ്പിക്കുമ്പോള്‍ ഫീല്‍ഡിങ് പൊസിഷനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് നിരന്തരം ചര്‍ച്ച ചെയ്യാറുണ്ട്. എന്റെ അഭിപ്രായം പറഞ്ഞ് അദ്ദേഹത്തിന്റെ ചിന്തകള്‍ കൂടി ആരായാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നല്‍കുന്ന അഭിപ്രായം വിലയേറിയതാണ്. അപ്പോഴാണ് ധോണിയുടെ നായകഗുണം ഞാന്‍ തിരിച്ചറിയുന്നത്’, സച്ചിന്‍ പറഞ്ഞു.

തന്റെ അവസാനത്തെ ടെസ്റ്റ് മല്‍സരത്തെ കുറിച്ചും അദ്ദേഹം വാചാലനായി. വിന്‍ഡീസിനെതിരെയാണ് മല്‍സരം നടന്നത്. ‘മല്‍സരത്തിനിടെ കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ധോണി ആവശ്യപ്പെട്ടു. എനിക്ക് യാത്രയയപ്പ് തരാന്‍ അവരെന്തോ പദ്ധതി തയ്യാറാക്കുകയായിരുന്നെന്ന് എനിക്ക് മനസിലായി. അപ്പോഴാണ് ഞാന്‍ വിരമിക്കുകയാണല്ലോ എന്ന യാഥാര്‍ത്ഥ്യം എന്നെ വേദനിപ്പിച്ചത്. ഞാന്‍ കളിക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ അന്ന് ആദ്യമായാണ് അമ്മ എന്റെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. എന്റെ കുടുംബം മല്‍സരം കാണാന്‍ വളരെ അപൂര്‍വമായി മാത്രമേ വന്നിട്ടുളളൂ. ഞാന്‍ പറഞ്ഞത് കൊണ്ടാണ് അവര്‍ മല്‍സരം കാണാന്‍ വരാത്തത്. എനിക്ക് മല്‍സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണത്. കളി കാണാന്‍ വരുന്നുണ്ടെങ്കില്‍ എവിടെയെങ്കിലും ഒളിച്ചിരിക്കണമെന്ന് ഞാന്‍ അവരോട് പറയും. അതുകൊണ്ട് തന്നെ അഞ്ജലി പോലും സ്റ്റേഡിയത്തില്‍ വരാറില്ലായിരുന്നു’, സച്ചിന്‍ പറഞ്ഞു.

2003-04ലെ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റ് മല്‍സരം കാണാന്‍ അജ്ഞലി എത്തിയിരുന്നു. എന്നാല്‍ അന്ന് ആദ്യ പന്തില്‍ തന്നെ സച്ചിന്‍ പുറത്തായി. ‘അപ്പോള്‍ തന്നെ അഞ്ജലി എഴുന്നേറ്റ് സ്റ്റേഡിയത്തിന് പുറത്തേക്ക് പോയി. പിന്നീട് കളി കാണാന്‍ വരാന്‍ അവള്‍ തയ്യാറായില്ല. എന്റെ അവസാന ടെസ്റ്റ് മല്‍സരം കാണാനാണ് പിന്നീട് അഞ്ജലി എത്തിയത്’, സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തന്റെ കരിയര്‍ ഇവിടെ അവസാനിച്ചുവെന്നാണ് കരുതിയതാണെന്നും സച്ചിന്‍ വെളിപ്പെടുത്തി. ‘കറാച്ചിയിലെ എന്റെ ആദ്യത്തെ ഇന്നിങ്‌സ്. ഞാന്‍ കരുതിയത്, അത് എന്റെ ആദ്യത്തെയും അവസാനത്തെയും കളി ആകുമെന്നാണ്. ആദ്യത്തെ മല്‍സരത്തില്‍ എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. വഖാര്‍ യൂനിസും വസിം അക്രവുമായിരുന്നു അന്ന് എതിരാളികളിലെ ഏറ്റവും ശക്തരായ ബോളര്‍മാര്‍. അന്ന് ഞാന്‍ അവിടെ എത്തേണ്ടവനായിരുന്നില്ല എന്ന തോന്നലായിരുന്നു,’ സച്ചിന്‍ പറഞ്ഞു.

പാക് ബോളിങ് നിരയെ അന്ന് നേരിട്ട സച്ചിന് പ്രായം 16 വയസും 205 ദിവസവും മാത്രം. താരം നേടിയതോ, 15 റണ്‍സും. അതിന് തൊട്ട് മുന്‍പ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലേക്ക് സച്ചിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി. വിന്‍ഡീസ് പേസ് നിരയെ നേരിടാനുളള കരുത്ത് അന്ന് സച്ചിനുണ്ടെന്ന് സെലക്ടര്‍മാര്‍ കരുതിയിരുന്നില്ല. പാക് പേസ് നിരയ്ക്ക് എതിരെ ആഴ്ചകള്‍ക്ക് ശേഷം നടന്ന മല്‍സരത്തില്‍ സച്ചിന് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും അന്നത്തെ ഷോട്ടുകള്‍ എല്ലാം പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞതായിരുന്നു.

‘നിരാശനായാണ് ഞാന്‍ പവലിയനിലേക്ക് മടങ്ങിയത്. പലരോടും ഉപദേശങ്ങള്‍ തേടി. എല്ലാവരും പറഞ്ഞത്, ഇത് രാജ്യാന്തര ക്രിക്കറ്റാണ്. കാത്തിരിക്കൂവെന്നും. നീ നേരിടുന്നത് ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയെയാണ്. അവര്‍ക്കാ ബഹുമാനം നല്‍കൂവെന്നും സീനിയര്‍ പ്ലേയേഴ്‌സ് പറഞ്ഞു. സെക്കന്റ് ഇന്നിങ്‌സില്‍ ഞാന്‍ 59 റണ്‍സ് നേടി. അന്ന് പുറത്തായ ശേഷം ഞാന്‍ എന്നോട് തന്നെ പറഞ്ഞു, യെസ് ഞാനത് നേടി,’ സച്ചിന്‍ തന്റെ അന്നത്തെ സന്തോഷം അതേ മട്ടില്‍ പുറത്തെടുത്തു.

മുംബൈയിലെ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ വച്ച് നേടിയ ട്രിപിള്‍ സെഞ്ചുറിയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ചതെന്ന് സച്ചിന്‍ പറഞ്ഞു. അന്നാണ് ഗവാസ്‌കറും മറ്റും തന്നെ ശ്രദ്ധിച്ചതെന്നും അതുകൊണ്ട് ആ മല്‍സരമാണ് തനിക്ക് പ്രിയപ്പെട്ട കളികളിലൊന്നും എന്നും താരം വിശദീകരിച്ചു. തുടക്കത്തില്‍ താന്‍ തീരെ സമയനിഷ്ഠ ഇല്ലാത്തയാളായിരുന്നുവെന്ന് പറഞ്ഞ സച്ചിന്‍ പില്‍ക്കാലത്ത് 8 മണി എന്നാല്‍ 8.05 അല്ലെന്ന് തിരിച്ചറിഞ്ഞതായും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook