ലണ്ടന്‍: ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനുള്ള ഒരു റെക്കോര്‍ഡ് ആരെങ്കിലും മറികടക്കുമോ എന്ന ചിന്തയിലായിരുന്നു ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍. സച്ചിന്‍ ഫാന്‍സും പേടിച്ചിരുന്നു, പ്രിയ താരം 16 വര്‍ഷമായി കൈവശം വച്ചിരിക്കുന്ന റെക്കോര്‍ഡ് ആരെങ്കിലും മറികടക്കുമോ എന്ന്. ലോകകപ്പ് പോരാട്ടം ഫൈനലിലേക്ക് എത്തി നില്‍ക്കുമ്പോള്‍ സച്ചിന്റെ റെക്കോര്‍ഡ് ഭദ്രമാണ്. മറികടക്കാന്‍ സാധ്യതയുണ്ടായിരുന്ന താരങ്ങളെല്ലാം കളംവിട്ടു. എങ്കിലും രണ്ട് താരങ്ങള്‍ കൂടി ചെറിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഒരു ലോകകപ്പില്‍ നിന്ന് മാത്രമായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനാണ് നേരത്തെ വെല്ലുവിളി ഉയര്‍ന്നത്. 2003 ലോകകപ്പിലാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. 11 കളികളിൽ നിന്ന് 673 റൺസാണ് സച്ചിൻ അന്ന് നേടിയത്. അതിനു ശേഷം നടക്കുന്ന നാലാമത്തെ ലോകകപ്പാണിത്. എന്നാല്‍, ഇതുവരെ ആ റെക്കോര്‍ഡ് ഭേദിക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യയുടെ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമായിരുന്നു ഈ റെക്കോര്‍ഡ് ഭേദിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, രണ്ട് പേര്‍ക്കും സെമിയില്‍ തിളങ്ങാന്‍ സാധിച്ചില്ല. മാത്രമല്ല ഇന്ത്യയും ഓസ്‌ട്രേലിയയും സെമി ഫൈനലില്‍ പരാജയം ഏറ്റവാങ്ങി ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.
Read Also: ധോണി ഫാന്‍സിന് അറിയുമോ സച്ചിന്‍ ലോകകപ്പില്‍ ‘ഇഴഞ്ഞുനേടിയ’ റണ്‍സ്?
രോഹിത് ശര്‍മ നേടിയത് 9 കളികളില്‍ (ഒരു മത്സരം മഴ മൂവം ഉപേക്ഷിച്ചു) നിന്ന് 648 റണ്‍സാണ്. ഡേവിഡ് വാര്‍ണറാകട്ടെ 10 കളികളില്‍ നിന്ന് നേടിയത് 647 റണ്‍സും. നേരിയ വ്യത്യാസത്തിലാണ് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇരുവര്‍ക്കും സാധിക്കാതെ പോയത്.
ഇങ്ങനെയാണെങ്കിലും ഫൈനല്‍ കളിക്കുന്ന ടീമുകളിലെ രണ്ട് താരങ്ങള്‍ക്ക് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കും. എന്നാല്‍, വേണ്ടത് സെഞ്ചുറി പ്രകടനമാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണുമാണ് പിന്നാലെയുള്ളത്. റണ്‍ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്താണ് ഇരുവരും. ജോ റൂട്ടിന് 549 റണ്‍സുണ്ട്. കെയ്ന്‍ വില്യംസണ് ഉള്ളത് 548 റണ്‍സാണ്. സച്ചിന്റെ 673 റണ്‍സിനൊപ്പം എത്താന്‍ റൂട്ടിന് വേണ്ടത് 124 റണ്‍സാണ്. വില്യംസണ് വേണ്ടത് 125 റണ്‍സും. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രണ്ട് പേര്‍ക്കും ഇത് അസാധ്യമല്ല.