Latest News

സച്ചിൻ പവലിയൻ എവിടെ? കൊച്ചി സ്റ്റേഡിയത്തിൽ വീണ്ടും കെസിഎയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുന്നേർ

കെസിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നിലനിൽക്കുന്ന തർക്കം മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് പുതിയ വിവാദം

കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ ചൊല്ലി കേരള ക്രിക്കറ്റ് അസോസിയേഷനും കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുള്ള തർക്കം സജീവമായിട്ട് കുറച്ച് ദിവസങ്ങളായി. ഇത് പുതിയ തലത്തിലേക്ക് എത്തിക്കുകയാണ് കെസിഎ. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സച്ചിൻ പവലിയൻ പൊളിച്ചുമാറ്റിയതിൽ ശക്തമായ പ്രതിഷേധമാണ് കെസിഎ അറിയിച്ചിരിക്കുന്നത്. സച്ചിൻ പവലിയൻ കേരള ബ്ലാസ്റ്റേഴ്സ് സ്‌പോൺസർമാരുടെ ലോഞ്ചാക്കി മാറ്റിയതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.

സച്ചിന്റെ അപൂർവ്വ ജഴ്സി ഉൾപ്പെടെ വിലപ്പെട്ട ശേഖരം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് താരത്തിനായി കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പവലിയൻ ഒരുക്കിയത്. രാജ്യത്തെ ഏക സച്ചിൻ പവലിയനായിരുന്നു ഇത്. വിരമിക്കൽ മത്സരത്തിൽ സച്ചിനണിഞ്ഞ ജഴ്സി മുതൽ അമൂല്യമായ ചിത്രങ്ങൾകൊണ്ടും ഏറെ വിശേഷപ്പെട്ട പവലിയൻ എന്നാൽ ഇപ്പോൾ ശൂന്യമാണ്.

സച്ചിനും ധോണിയും ഒപ്പിട്ട ബാറ്റ്, സച്ചിന്‍റെ 100 സെഞ്ചുറികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ 100 പന്തുകള്‍, സച്ചിന്‍റെ വിവിധ ഫോട്ടോകളെല്ലാം ഈ പവലിയനില്‍ ഉണ്ടായിരുന്നു. 2013ൽ എം.എസ്.ധോണി തന്നെയാണ് പവലിയൻ രാജ്യത്തിനായി സമർപ്പിച്ചത്.

ബ്ലാസ്റ്റേഴ്സിനെതിരെ കെസിഎ

സച്ചിൻ പവലിയൻ പൊളിച്ചുമാറ്റിയ നടപടി താരത്തോടുള്ള അനാദരവാണെന്നായിരുന്നു ബിസിസിഐ ജനറൽ സെക്രട്ടറി ജയേഷ് ജോർജിന്റെ പ്രതികരണം. സച്ചിന്‍ ഒപ്പിട്ട ബാറ്റും ജഴ്സിയും എവിടെയാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കണമെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി.നായര്‍ ആവശ്യപ്പെട്ടിരുന്നു. സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പൊലിസിനെ സമീപിക്കുമെന്നും കെസിഎ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്സ് പവലിയൻ വിഐപി ലോഞ്ചാക്കി മാറ്റിയത്.

പുഃനസ്ഥാപിക്കുമെന്ന് ജിസിഡിഎ

സംഭവം വിവാദമായതിനെ തുടർന്ന് പവലിയൻ പുനഃസ്ഥാപിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. ഇതിനായി കെസിഎയും ബ്ലാസ്റ്റേഴ്‌സുമായും ചർച്ച നടത്തുമെന്ന് ചെയർമാൻ വി.സലിം പറഞ്ഞു. 2017ൽ നടന്ന ഫിഫ അണ്ടർ 19 ലോകകപ്പിന്റെ ഭാഗമായാണ് സാധനസാമഗ്രികൾ മാറ്റിയത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് അത് ഐഎസ്എൽ മത്സരങ്ങൾ കാണുന്നതിനുള്ള വിഐപി ലോഞ്ചാക്കി മാറ്റി. സച്ചിനെ പോലൊരു താരത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും അതിനാൽ പവലിയൻ പുഃനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സ് vs കെസിഎ

കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും കൂടാതെ 1 കോടി രൂപ ജിസിഡിഎക്ക് ഡെപ്പോസിറ്റായിയും നല്‍കിയിട്ടുണ്ട്. ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. കൊച്ചി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജിസിഡിഎക്ക് കത്ത് നൽകി.

നേരത്തെയും സമാന ആവശ്യവുമായി കെസിഎയും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിരുന്നെങ്കിലും വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നു വന്നത്. തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയമുള്ളപ്പോൾ വീണ്ടും കെസിഎ ക്രിക്കറ്റ് മത്സരങ്ങൾക്കായി കൊച്ചിയിലേക്കെത്തുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം. അന്ന് സച്ചിന്റെ അടക്കം ഇടപെടെലാണ് കെസിഎയെ തീരുമാനത്തിൽ നിന്ന് മാറ്റിയത്. ഫിഫ അണ്ടർ 17 ലോകകപ്പിനായി കോടികൾ ചെലവഴിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ സ്റ്റേഡിയമാണ് കലൂർ. ഫിഫ അംഗീകരിച്ച രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിൽ ഒന്നാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം.

Also Read: കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തുടരും; സ്ഥിരീകരണവുമായി ക്ലബ്ബ്

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കോഴിക്കോടേയ്ക്ക് മാറ്റുന്നതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin pavilion in kochi jawaharlal nehru stadium removed kca against kerala blasters

Next Story
ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക്; പ്രതീക്ഷയോടെ താരംSreesanth, ശ്രീശാന്ത്, indian cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം, malayali in indian team, ശ്രീശാന്ത് മടങ്ങിവരുന്നു, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express