മെൽബൺ ടെസ്റ്റിൽ ഇന്ത്യ വിജയം നേടാൻ നിർണായകമായത് അജിങ്ക്യ രഹാനെയുടെ നായക മികവും ബാറ്റിങ് പ്രകടനവുമാണ്. രഹാനെയുടെ ക്യാപ്റ്റൻസിയെ പ്രകീർത്തിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയതോടെയാണ് രഹാനെയ്‌ക്ക് ഇന്ത്യയെ നയിക്കാൻ അവസരം ലഭിച്ചത്.

രഹാനെയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും രംഗത്തെത്തി. വളരെ മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയതെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു.

“ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് മെൽബണിൽ കണ്ടതെന്ന് എനിക്ക് തോന്നുന്നു. ടീം അംഗങ്ങൾ എല്ലാവരും നന്നായി കളിച്ചു. അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസി മികവ് എടുത്തുപറയേണ്ടതാണ്. രഹാനെ നന്നായി ബാറ്റ് ചെയ്തു. തീർച്ചയായും അദ്ദേഹത്തിനു ആക്രമണോത്സുകതയുണ്ട്. എന്നാൽ, സൗമ്യതയോടെ ഈ ആക്രമണോത്സുകതയെ ബാലൻസ് ചെയ്യാനും അദ്ദേഹത്തിനു സാധിക്കുന്നു. ബൗണ്ടറി നേടാൻ അവസരമുണ്ടെന്ന് കണ്ടാൽ രഹാനെ അത് കൃത്യമായി ഉപയോഗപ്പെടുത്തും,” സച്ചിൻ പറഞ്ഞു.

Read Also: 2020 കലാശക്കൊട്ടിലേക്ക്; പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ലോകം ഒരുങ്ങി, ആഘോഷങ്ങൾക്ക് നിയന്ത്രണം

അതേസമയം, രഹാനെയെയും കോഹ്‌ലിയെയും താരതമ്യം ചെയ്യുന്നവരോട് സച്ചിന് പറയാനുള്ളത് മറ്റൊരു കാര്യമാണ്. രണ്ട് വ്യത്യസ്ത ശൈലിയും സ്വഭാവവും ഉള്ളവരാണ് കോഹ്‌ലിയും രഹാനെയും. അതുകൊണ്ട് ഇരുവരെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് സച്ചിൻ പറയുന്നു. രണ്ട് പേരും ഇന്ത്യക്കാരാണ്. അവർ രണ്ട് പേരും ഇന്ത്യയ്‌ക്കായി കളിക്കുന്നവരാണ്. ഒരു വ്യക്തിയും ഇന്ത്യയ്ക്ക് മുകളിലല്ല. രാജ്യവും ടീമുമാണ് എപ്പോഴും ആദ്യം വരേണ്ടതെന്നും സച്ചിൻ പറഞ്ഞു.

അതേസമയം, ഇതുവരെ ഇന്ത്യയെ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് രഹാനെ നയിച്ചത്. മൂന്നിലും ഇന്ത്യ വിജയിച്ചു. മെൽബൺ ടെസ്റ്റിൽ രഹാനെയുടെ നായക മികവ് എടുത്തുപറയേണ്ടതാണ്. നിർണായക സമയത്ത് കൃത്യമായി ബൗളിങ് മാറ്റങ്ങൾ കൊണ്ടുവന്നത് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook