പാൾ: ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം എ.ബി.ഡിവില്ല്യേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. രണ്ടാം ഏകദിനത്തിൽ 176 റണ്‍സെടുത്ത് തന്റെ കരിയറിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ നേടിയാണ് ഡിവില്ല്യേഴ്സ് തിരിച്ചുവരവ് നടത്തിയത്. 104 പന്തില്‍ നിന്ന് 15 ഫോറുകളുടേയും ഏഴു സിക്‌സറുകളുടേയും അകമ്പടിയോടെയാണ് 176 റണ്‍സ് അടിച്ചുകൂട്ടിയത്.

മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഡിവില്ല്യേഴ്സിന്റെ സൂപ്പര്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക 104 റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. പരിക്കിനെ തുടര്‍ന്നും കുടുബത്തോടൊപ്പം ചെലവിഴിക്കുന്നതിനുമായി കുറച്ചുകാലമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഡിവില്ല്യേഴ്സ്.

188 റണ്‍സടിച്ച് ഗാരി കേഴ്സ്റ്റനാണ് ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോര്‍ നേടിയത്. ഈ റെക്കോര്‍ഡ് മറികടക്കുന്നതിന് 12 റണ്‍സ് അകലെയാണ് ഡിവില്ല്യേഴ്സ് പുറത്തായത്. അതേസമയം ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരിൽ ആദ്യ പത്തില്‍ എട്ടും ഡിവില്ല്യേഴ്സിന്റെ പേരാണുള്ളത്. 68 പന്തിലായിരുന്നു കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡിവില്ല്യേഴ്സ് സെഞ്ച്വുറി പൂര്‍ത്തിയാക്കിയത്.

അതേസമയം, ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 4 -1 ന് സ്വന്തമാക്കിയതോടെയാണ് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ ഐ സി സി റാങ്കിംഗിൽ ഒന്നാമത് എത്തിയത്. എന്നാൽ തൊട്ടടുത്ത പരമ്പരയിൽ തന്നെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്.

ഒന്നാം ഏകദിനം 10 വിക്കറ്റിനും രണ്ടാം ഏകദിനം 104 റൺസിനും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. നേരത്തെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ