സെഞ്ചൂറിയൻ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ പിന്നിലായ ദക്ഷിണാഫ്രിക്ക അഞ്ച് സ്പിന്നര്‍മാരെ പരിശീലനത്തിന് ഇറക്കി. ഇന്ത്യയുടെ സ്പിന്‍ മാജിക്കില്‍ തട്ടിത്തകര്‍ന്നതിന് പിന്നാലെയാണ് സ്പിന്നര്‍മാരെ കൊണ്ട് തന്നെ മറുപടി പറയാമെന്ന പ്രതിക്ഷയോടെ ദക്ഷിണാഫ്രിക്ക അഞ്ച് സ്പിന്നര്‍മാരെ നെറ്റില്‍ പന്തെറിയാന്‍ എത്തിച്ചത്. ഇവരില്‍ എത്ര പേര്‍ ബുധനാഴ്ച്ച നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇറങ്ങുമെന്ന് വ്യക്തമല്ല.

ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ദുസ്വപ്നമായത്. ടീമിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡ വ്യക്തമാക്കിയിട്ടുണ്ട്. ‘അംഗീകരിക്കാന്‍ കഴിയുന്ന പ്രകടനമല്ല ടീം കാഴ്ച്ച വെച്ചത്. ഇന്ത്യ വളരെ ശക്തരാണ്. മികച്ച ടീമായ ഓസ്ട്രേലിയയെ സ്വന്തം മണ്ണില്‍ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വരവ്. സ്വന്തം മണ്ണില്‍ അവര്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നതെന്ന് അറിയാം. പക്ഷെ അവര്‍ നന്നായാണ് എപ്പോഴും കളിക്കുന്നത്’, റബാഡ പറഞ്ഞു.

നിലവില്‍ പരുക്ക് കാരണവും ദക്ഷിണാഫ്രിക്ക തിരിച്ചടി നേരിടുന്നുണ്ട്. എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലെസി എന്നീ സൂപ്പർ താരങ്ങളെക്കൂടാതെ പരുക്ക് മൂലം ഒരു താരത്തിനെക്കൂടെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡിക്കോക്കാണ് പരുക്ക് മൂലം ഏകദിന പരമ്പരയിൽ നിന്ന് പിന്മാറിയത്.

കൈക്കുഴയ്ക്ക് ഏറ്റ പരുക്കാണ് ഡിക്കോക്കിന് വിനയായത്. ഇന്ത്യക്കെതിരായുളള ട്വന്റി-20 പരമ്പരയിലും ഡിക്കോക്ക് കളിക്കില്ല. പരുക്ക് ഗുരുതരമാണെന്ന് സ്കാനിങ്ങിൽ വ്യക്തമായിട്ടുണ്ട്. ഡിക്കോക്കിന്റെ പകരക്കാരനെ തീരുമാനിച്ചിട്ടില്ല. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുളള താരമാണ് ഇടങ്കയ്യൻ ബാറ്റ്സ്മാനായ ഡിക്കോക്ക്.
ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുൻപാണ് പരുക്ക് മൂലം എബി ഡിവില്ലിയേഴ്സ് പിന്മാറിയത്. ആദ്യ ഏകദിന മൽസരത്തിൽ ഏറ്റ പരുക്കാണ് ഫാഫ് ഡുപ്ലെസിക്ക് തിരിച്ചടിയായത്. ഡുപ്ലെസിക്ക് പകരം ഏയ്ഡൻ മർക്രാമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. മർക്രാം നയിച്ച രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.
രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം ഇന്ത്യ 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലാണ് കളിയിലെ താരം.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. 15 റൺസ് എടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും അർധ സെഞ്ചുറി നേടിയ ശിഖർ ധവാനും വിരാട് കോഹ്‌ലിയും ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 56 പന്തിൽ 9 ഫോറുകൾ ഉൾപ്പടെ 51 റൺസാണ് ധവാൻ നേടിയത്. 50 പന്തിൽ 4 ഫോറും 1 സിക്സറും അടക്കം 46 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. ജയത്തോടെ 6 മൽസരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിൽ എത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ