ന്യൂഡൽഹി: ആജീവനാന്ത വിലക്കിനെതിരെ നിയമപോരാട്ടം തുടരുന്ന ശ്രീശാന്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ആത്മവിശ്വാസം കൈവിടാതെ ശ്രീശാന്ത് കാത്തിരിക്കണമെന്നാണ് അസ്ഹറുദ്ദീന്റെ ഉപദേശം. ദുബായിലെ ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അസ്ഹറുദ്ദീന്റെ പ്രതികരണം.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ശ്രീശാന്തെന്നും, ഇന്ത്യൻ ടീമിന്റെ വാതിലുകൾ ശ്രീശാന്തിന് മുന്നിൽ കൊട്ടിയടച്ചിട്ടില്ലെന്നും അസ്ഹറുദ്ദീൻ പ്രതികരിച്ചു. ആത്മവിശ്വാസം കൈവിടാതെ നിയമപോരാട്ടം തുടരണമെന്നും നിരപരാധിത്വം തെളിയിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.

ഇതാദ്യമായാണ് ശ്രീശാന്തിനെ പിന്തുണച്ച് ക്രിക്കറ്റിലെ ഒരു പ്രമുഖൻ രംഗത്ത് വരുന്നത്. അസ്ഹറുദ്ദീന്രെ പ്രതികരണം ശ്രീശാന്തിന് ആത്മവിശ്വാസം നൽകുമെന്നാണ് സൂചന.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഇന്ന് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബിസിസിഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിസിസിഐയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

2013 ഐപിഎല്‍ സീസണില്‍ വാതുവയ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് ചെയ്തത്. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല. തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook