scorecardresearch
Latest News

ശ്രീശാന്തിനെ ഹൈക്കോടതി കൈവിട്ടു, ആജീവനാന്ത വിലക്ക് തുടരും

വാതുവയ്പ് കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആജീവനാന്ത വിലക്ക് തുടരുമെന്ന് ഉത്തരവിട്ടത്

ശ്രീശാന്തിനെ ഹൈക്കോടതി കൈവിട്ടു, ആജീവനാന്ത വിലക്ക് തുടരും

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിസിസിഐ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. വാതുവയ്പ് കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആജീവനാന്ത വിലക്ക് തുടരുമെന്ന് ഉത്തരവിട്ടത്. നേരത്തെ ശ്രീശാന്തിന്റെ അപ്പീൽ പരിഗണിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ഇന്ന് റദ്ദാക്കി.

ഇതോടെ ഐപിഎല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ബിസിസിഐയുടെ അന്വേഷണത്തില്‍ അപാകത തോന്നിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഇനി സുപ്രീംകോടതിയിലേക്ക് അപ്പീൽ പോകാനേ ശ്രീശാന്തിനെ കഴിയുളളൂ.

ശ്രീശാന്തിനെതിരെ തെളിവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്നും താരത്തെ ക്രിക്കറ്റിൽനിന്ന് മാറ്റി നിർത്തിയത് ശരിയായില്ല എന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഒത്തുകളി കേസ് കോടതി തളളിയതിനാൽ ബിസിബിസിസിഐ വിലക്ക് നിലനിൽക്കില്ല എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇന്ന് റദ്ദാക്കിരിക്കുകയാണ്.

2013 ഐപിഎല്‍ സീസണില്‍ വാതുവയ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് ചെയ്തത്. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല. തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: S sreesanth gets life time ban again