ഐപിഎൽ താരലേലത്തിൽ തന്നെ ഒഴിവാക്കിയ ഫ്രാഞ്ചൈസികൾക്ക് ബോളുകൊണ്ട് മറുപടി നൽകി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വലിയൊരു ഇടവേളയ്‌ക്ക് ശേഷം അഞ്ച് വിക്കറ്റ് പ്രകടനവുമായി താരമായിരിക്കുകയാണ് ശ്രീശാന്ത്. ലിസ്റ്റ് എ ഫോർമാറ്റിൽ 15 വർഷങ്ങൾക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഉത്തർപ്രദേശിനെതിരായ മത്സരത്തിലാണ് കേരളത്തിനായി ശ്രീശാന്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് സിയിലാണ് കേരളവും ഉത്തർപ്രദേശും. ബെംഗളൂരുവിലെ കെഎസ്‌സിഎ സ്റ്റേഡിയത്തിലാണ് ഉത്തർപ്രദേശിന്റെ അഞ്ച് വിക്കറ്റുകൾ ശ്രീ വീഴ്‌ത്തിയത്. 9.3 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശിന്റെ ഇന്നിങ്സ് 49.4 ഓവറിൽ 283 ന് അവസാനിച്ചു.
Read Also: എല്ലാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ടെസ്റ്റ് ബാറ്റ്‌സ്‌മാൻമാർക്ക് കഴിയണം; ബെൻ സ്റ്റോക്‌സ്
ഉത്തർപ്രദേശ് ഓപ്പണർ അഭിഷേക് ഗോസ്വാമി (63 പന്തിൽ 54റൺസ്), അക്ഷ്‌ദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ ഉൾപ്പെടെ അഞ്ച് വിക്കറ്റുകളാണ് ശ്രീശാന്ത് നേടിയത്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ രണ്ടാം മത്സരമാണ് ഇത്. രണ്ട് കളിയിൽ നിന്നുമായി ശ്രീശാന്തിന് ഏഴ് വിക്കറ്റുണ്ട്. ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയിരുന്നു.
2021 ഐപിഎൽ താരലേലത്തിൽ ശ്രീശാന്തിനെ ആരും സ്വന്തമാക്കിയില്ല. 75 ലക്ഷമായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാനവില. ആരും ലേലത്തിൽ എടുക്കാതിരുന്നത് തന്നെ നിരാശപ്പെടുത്തിയെന്നും എന്നാൽ തിരിച്ചുവരവ് നടത്തുമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. എട്ട് വർഷം കാത്തിരുന്നെങ്കിൽ ഐപിഎല്ലിലെ തിരിച്ചുവരവിനായി ഇനിയും കാത്തിരിക്കാൻ തനിക്കു സാധിക്കുമെന്നും താരം പറഞ്ഞു.