മുംബൈ: കളിക്കളത്തിലെത്തി വീണ്ടും പന്തെറിയാമെന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള ശ്രീയുടെ അപേക്ഷ ബിസിസിഐ തള്ളി. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി അധ്യക്ഷനായ കമ്മിറ്റിയാണ് ശ്രീശാന്തിന് എൻഒസി (നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നിഷേധിച്ചത്.
2013 ൽ ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തുൾപ്പടെ മൂന്ന് രാജസ്ഥാൻ റോയൽസ് താരങ്ങളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ശ്രീശാന്തിന് ആജീവനാന്ത വിലക്കും ബിസിസിഐ ഏർപ്പെടുത്തി. ഉന്നയിച്ച കുറ്റങ്ങൾക്ക് തെളിവില്ലെന്ന് കണ്ട് ഡൽഹി വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഈ വർഷം നടക്കുന്ന സ്കോട്ടിഷ് പ്രീമിയർ ലീഗിൽ പങ്കെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീശാന്ത്. എന്നാൽ വിലക്ക് നീങ്ങാത്തതിന തുടർന്ന് അനുമതി തേടി ബിസിസിഐ യെ സമീപിക്കുകയായിരുന്നു, അപ്പോഴാണ് ഈ അപ്രതീക്ഷിത തിരിച്ചടി.
എന്നാൽ താനൊരിക്കലും തളരില്ലെന്നും ഇനിയും ഇന്റർനാഷനൽ ക്രിക്കറ്റ് കളിക്കുമെന്നും ശ്രീശാന്ത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എഴുതി.