കൊച്ചി: ഇന്ത്യന്‍ പേസ് ബോളറും മലയാളിയുമായ എസ്. ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു താരം കളിജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
“എന്റെ കുടുംബത്തേയും, ടീം അംഗങ്ങളേയും രാജ്യത്തെ ഒരോരുത്തരേയും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കണക്കാക്കുന്നു. വളരെ സങ്കടമുണ്ട്, പക്ഷെ ഖേദമില്ല, ഹൃദയത്തിന് വലിയൊരു ഭാരം നല്‍കിയാണെങ്കിലും ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്,” ശ്രീശാന്ത് കുറിച്ചു.
“അടുത്ത തലമുറയ്ക്കായി. ഞാന്‍ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് എന്റെ സ്വന്തം തീരമാനമാണ്. എനിക്കിത് സന്തോഷം നല്‍കുന്ന ഒന്നല്ല എന്നറിയാം. എന്നാലിത് ഈ സമയത്തെടുക്കേണ്ട ഉചിതമായ തീരമാനമാണ്. കരിയറിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു,” ശ്രീ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ 27 മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റുകളാണ് ശ്രീശാന്ത് നേടിയത്. ഏകദിനത്തില്‍ 53 മത്സരങ്ങളില്‍ നിന്ന് 75 വിക്കറ്റും സ്വന്തമാക്കി. 10 ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണ് ശ്രീ രാജ്യത്തിനായി കളിച്ചത്. ഏഴ് വിക്കറ്റുകളും നേടി.
2013 ഐപിഎല്‍ സീസണിലാണ് ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. 2020 സെപ്റ്റബറിലാണ് ഏഴ് വര്‍ഷമായി ചുരുക്കിയ വിലക്ക് അവസാനിച്ചത്. പിന്നീട് സെയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും, രഞ്ജി ട്രോഫിയിലും ശ്രീ കേരളത്തിനായി ഇറങ്ങി.
2005 ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. 2007 ലെ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ നായകന്‍ മിസബ ഉള്‍ ഹഖിന്റെ നിര്‍ണായക ക്യാച്ചെടുത്ത് കിരീടം ഇന്ത്യയ്ക്ക് ഉറപ്പിച്ചത് ശ്രീശാന്തായിരുന്നു.
Also Read: മങ്കാദിങ്ങിന് പച്ചക്കൊടി; ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ ഇങ്ങനെ