മുംബൈ: ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചു വരാനുള്ള മലയാളി താരം എസ് ശ്രീശാന്തിന്റെ ശ്രമങ്ങള്‍ക്കിടെ മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ അംഗവുമായ ആകാശ് ചോപ്ര നടത്തിയ അഭിപ്രായ പ്രകടനം ട്വിറ്ററില്‍ പോരിന് വഴിവെച്ചു.

രാജ്യത്തേയും സ്പോര്‍ട്സിനേയും സ്വന്തം നേട്ടത്തിന് വേണ്ടി വിറ്റ ഒരാള്‍ക്ക് ഇനിയും അവസരം കൊടുക്കരുതെന്നാണ് ചോപ്ര ട്വീറ്റ് ചെയ്തത്. ശ്രീശാന്ത് കളിക്കാന്‍ യോഗ്യനാണ്. പക്ഷെ വാതുവെയ്പ്പില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് തിരിച്ചുവരവിന് അവസരം കൊടുക്കാന്‍ പാടില്ല. രാജ്യത്തെയും സ്‌പോര്‍ട്‌സിനേയും സ്വന്തം നേട്ടത്തിനുവേണ്ടി വിറ്റ താരത്തിന് ഇനി അവസരം കൊടുക്കുന്നത് ശരിയല്ല. ‘ എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്. ശ്രീയുടെ തിരിച്ച് വരവിനെക്കുറിച്ച് ചോദിച്ച ആരാധകനുള്ള മറുപടിയായിരുന്നു ചോപ്രയുടെ ട്വീറ്റ്.

ആകാശ് ചോപ്രയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയാത്ത ശ്രീശാന്ത് ഉടനെ തന്നെ മറുപടി നല്‍കി. ‘ നിങ്ങള്‍ക്കെങ്ങനെ ഇങ്ങനെ ഇരട്ടമുഖമുള്ള ആളാകാന്‍ കഴിയുന്നു? താങ്കളെ സഹോദരാ എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്നായിരുന്നു ശ്രീയുടെ മറുപടി.

തൊട്ടുപിന്നാലെ വന്നു ശ്രീശാന്തിനുള്ള ചോപ്രയുടെ ട്വീറ്റ്. തനിക്ക് രണ്ട് മുഖമില്ലെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്വന്തം സഹോദരനെക്കുറിച്ചും തനിക്ക് അതേ അഭിപ്രായമാണ് ഉള്ളതെന്നും ചോപ്ര ട്വീറ്റ് ചെയ്തു.

ദേശദ്രോഹി എന്ന ചോപ്രയുടെ പരാമര്‍ശത്തില്‍ ഒത്തുകളിയില്‍ കുറ്റാരോപിതരായ മറ്റു പതിമൂന്ന് പേരും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ശ്രീശാന്തിന്റെ അടുത്ത ട്വീറ്റ്. എന്നാല്‍ താന്‍ ആരേയും ദേശദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും വിഷയത്തില്‍ ആരോടും മൃദുസമീപനം ഇല്ലെന്നും എല്ലാവര്‍ക്കും ഒരേ നിയമമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. തുടര്‍ന്ന് ശ്രീശാന്തിനെ പിന്തുണച്ചും എതിര്‍ത്തും ട്വിറ്ററില്‍ ട്വീറ്റുകള്‍ നിറഞ്ഞു.

2013ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിന് ബിസിസിഐ ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബിസിസിഐ പുതിയ ഭരണസമിതയിൽ ഉണ്ടാക്കിയതോടെയാണ് തിരിച്ചുവരവിനുള്ള പ്രതീക്ഷ പ്രകടിപ്പിച്ച് ശ്രീശാന്തും രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ