സിഡ്‌നി: പുതു വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച റണ്‍ ഔട്ടിനായുള്ള എന്‍ട്രി എത്തിയിരിക്കുകയാണ്. നടന്നു കൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗില്‍ നിന്നുമാണ് ഇക്കൊല്ലത്തെ ആദ്യത്തെ ‘റണ്‍ ഔട്ട് ഓഫ് ദ ഇയര്‍’ നോമിനേഷന്‍ നേടാന്‍ സാധ്യതയുള്ള ക്യാച്ച് ലഭിച്ചിരിക്കുന്നത്.

ഹോബാര്‍ട്ട് ഹറികെയ്ന്‍സും സിഡ്‌നി സിക്‌സേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഡാനിയല്‍ ഹ്യൂസും മോയ്‌സ് ഹെന്റിക്വസും ചേര്‍ന്ന് പടുത്തുയര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പ് ഹറികെയ്ന്‍സിന് തലവേദനയായി മാറവെയായിരുന്നു ഡാര്‍സി ഷോര്‍ട്ട് മാസ്മരിക റണ്‍ ഔട്ടിലൂടെ ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്.

ഡാര്‍സി എറിഞ്ഞ പന്ത് ഹെന്‍ റിക്വസ് അടിച്ചകറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പന്ത് പാഡില്‍ കൊണ്ട് പിന്നിലേക്ക് ഉയര്‍ന്നു. വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന്റെ വലത് വശത്തേക്ക് പന്ത് തെറിച്ചു വീണു. അപ്പോഴേക്കും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും ഹ്യൂസ് ഓടിയെത്തിയിരുന്നു. പന്ത് ഓടിയെടുത്ത വേഡ് ഡാര്‍സി ഷോര്‍ട്ടിന് എറിഞ്ഞ് കൊടുത്തു. പക്ഷെ, ഓടുന്നതിനിടെ നിയന്ത്രണം നഷ്ടമായതിനാല്‍ ഡാര്‍സിയുടെ കൈകളിലേക്ക് പന്ത് എറിഞ്ഞു കൊടുക്കാന്‍ കീപ്പര്‍ക്ക് സാധിച്ചിരുന്നില്ല.

മുന്നോട്ട് ചാടി പന്ത് പിടിച്ചെടുത്ത ഡാര്‍സി അതേ ചാട്ടത്തില്‍ തന്നെ പന്ത് സ്റ്റമ്പ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ഡാര്‍സിയുടെ ഉന്നം തെറ്റിയില്ല. പന്ത് സ്റ്റമ്പ് തെറിച്ച് കടന്നു പോയി. ഇതെല്ലാം സംഭവിച്ചത് സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു. ഹെന്റിക്വസ് പവലിയനിലേക്ക് മടങ്ങുമ്പോള്‍ കാണികളും മൈതാനത്തുണ്ടായിരുന്ന താരങ്ങളുമെല്ലാം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ കണ്ണ് തള്ളി നില്‍ക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ