പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിന് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സ്‌പോർട്‌സ് കേരള ട്രിവാൻഡ്രം മാരത്തോൺ ഏറ്റെടുത്ത് തലസ്ഥാന നഗരി. ആവേശകരമായ പ്രതികരണമാണ് മരത്തോണിന് ലഭിച്ചത്. ശനിയാഴ്ച അർധരാത്രി ആരംഭിച്ച മാരത്തോൺ ഞായറാഴ്ച 11 ഓടെ മാനവീയം വീഥിയിൽ സമാപിച്ചു. മൂന്ന് വിഭാഗങ്ങളിലായിട്ടായിരുന്നു മാരത്തോൺ.
42.19 കിലോമീറ്റർ ഫുൾ മാരത്തോൺ പുരുഷവിഭാഗത്തിൽ എം. മുനിയപ്പൻ ഒന്നാം സ്ഥാനം നേടി. രണ്ടുമണിക്കൂർ 45 മിനിറ്റ് 45 സെക്കൻറ് സമയം കൊണ്ടാണ് സേലം എടപ്പാടി സ്വദേശി മുനിയപ്പൻ ഫുൾ മാരത്തോൺ പൂർത്തിയാക്കിയത്. ഫുൾ മാരത്തോണിൽ ഹർമൻ ബിഷ്‌ണോയ് രണ്ടാം സ്ഥാനവും വിനോദ്കുമാർ മൂന്നാംസ്ഥാനവും നേടി.
21.09 കിലോമീറ്റർ ഹാഫ് മാരത്തോൺ പുരുഷവിഭാഗത്തിൽ രാഹുൽ കമൽ ഒന്നാമതും അഭിലാഷ് ആർ രണ്ടാമതും രാംകുമാർ സി. മൂന്നാംസ്ഥാനവും നേടി. ഹാഫ് മാരത്തോൺ വനിതാവിഭാഗത്തിൽ കലൈസെൽവി ഒന്നാമതെത്തി. രശ്മി രണ്ടാമതും സോയാ സിയാ മൂന്നാമതുമെത്തി.
10 കിലോമീറ്റർ റണ്ണിൽ വനിതാ വിഭാഗത്തിൽ പ്രീതാ സുജീതാ വാര്യർ, അംബികാ രാമചന്ദ്രൻ, ടാനിയ ലിസ് പ്രദീപ് എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങൾ നേടി. പുരുഷവിഭാഗത്തിൽ റോൾ നമ്പർ: 10534 ഉം അഭിനന്ദ് സുന്ദരേശനും ആദ്യ സ്ഥാനം നേടി. അപ്പളനായിഡു, ശിവപ്രസാദ് കെ. എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഫുൾ മാരത്തോണിൽ വിജയികളാകുന്നവർക്ക് ഒരുലക്ഷം രൂപയും, ഹാഫ് മാരത്തോണിൽ വിജയിക്കുന്നവർക്ക് 50,000 രൂപയും, 10 കിലോമീറ്റർ റണ്ണിൽ വിജയിക്കുന്നവർക്ക് 20,000 രൂപയുമാണ് ക്യാഷ് അവാർഡ്.
വിജയികൾക്കുള്ള സമ്മാനദാനം വ്യവസായ-കായികമന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. എല്ലാവർഷവും നവംബറിൽ എല്ലാ ജില്ലകളിലും മാരത്തോൺ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘റൺ ഫോർ റീ ബിൾഡ് കേരള’ എന്നതാണ് 2018ലെ മാരത്തോണിന്റെ മുദ്രാവാക്യം. ഈവർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനാണ് രജിസ്ട്രേഷൻ ഫീസ് ഉപയോഗിക്കുക.