ന്യുലാന്‍ഡ്‌സ്: ടി20 ക്രിക്കറ്റ് അതിന്റെ സര്‍വ്വ സൗന്ദര്യവും പുറത്തെടുത്ത നിമിഷങ്ങള്‍ക്കായിരുന്നു ഇന്നലെ ന്യുലാന്‍ഡ്‌സ് സാക്ഷ്യം വഹിച്ചത്. ശ്രീലങ്കയെ 134 റണ്‍സിന് പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കരുതിയിരുന്നത് അനായാസം ജയിക്കാമെന്നായിരുന്നു. എന്നാല്‍ ആവേശകരമായൊരു മത്സരത്തിലേക്കുള്ള തുടക്കം മാത്രമായിരുന്നു അത്. 40 ഓവറും തികച്ച് കളിച്ചിട്ടും രണ്ടു കൂട്ടരും തോറ്റുകൊടുക്കാതെ വന്നതോടെ സൂപ്പര്‍ ഓവറിലാണ് വിജയിയെ കണ്ടെത്തിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത ഇമ്രാന്‍ താഹിര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 134 റണ്‍സെടുത്തു. 41 റണ്‍സെടുത്ത കമിന്ദു മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മറ്റാരും 20 റണ്‍സ് പോലും കടന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡില്‍ ഫെഹ്ലുക്വായോ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. എന്നാല്‍ മധ്യനിര അവസരത്തിന് ഒത്ത് ഉയരുകയായിരുന്നു. ഡേവിഡ് മില്ലര്‍ 41 റണ്‍സുമായി മുന്നില്‍ നിന്നു പൊരുതി. റാസി ഡസെന്‍ 34 റണ്‍സും നേടി. 119-3 എന്ന നിലയില്‍ നിന്നും ടീം പക്ഷെ അതിവേഗം 133-8 ലെത്തി.

അവസാന പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ലങ്കന്‍ കീപ്പര്‍ ഡിക്ക് വെല്ലയുടെ ചെറിയ പിഴവില്‍ ലങ്കയ്ക്ക് ലഭിക്കുമായിരുന്ന വിക്കറ്റ് നഷ്ടമായി. അതോടെ മത്സരം സമനിലിയലായി. വിജയിയെ കണ്ടെത്താനായി കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.

ലങ്കയ്ക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് ഇതിഹാസ താരം ലസിത് മലിങ്കയായിരുന്നു. ഡേവിഡ് മില്ലറുടെ സിക്‌സും ഫോറും അടക്കം 15 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി താഹിറാണ് പന്തെറിഞ്ഞത്. എന്നാല്‍ രണ്ട് റണ്‍സ് മാത്രം വിട്ടു കൊടുത്ത താഹിര്‍ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ