ടീമംഗങ്ങളെ രൂക്ഷമായി വിമർശിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ‌്‌ലി. ഇന്നലെ റൈസിങ് പുണെ സൂപ്പർജയന്റ്സിനെതിരായ മൽസരത്തിൽ ബാംഗ്ലൂർ പരാജയപ്പെട്ടിരുന്നു. അർധസെഞ്ചുറി നേടിയ കോഹ്‌ലി ഒഴികെ മറ്റു താരങ്ങൾക്കാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് കോഹ്‌ലി സഹതാരങ്ങളെ വിമര്‍ശിച്ചത്.

”മൽസരത്തിൽ തോറ്റത് എന്തുകൊണ്ടാണെന്നു ഓരോരുത്തരും മനസ്സിലാക്കണം. മോശം കളിക്കുശേഷം സമ്മാനദാന ചടങ്ങിൽ ഒരു ക്യാപ്റ്റനെന്ന നിലയിൽ സംസാരിക്കുന്നത് വിഷമമുളള കാര്യമാണ്. എന്നാൽ ഇതൊക്കെ ഈ യാത്രയുടെ ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതൊക്ക തരണം ചെയ്ത് മുന്നോട്ടു പോയേ പറ്റൂ. ഇത്തരം കളികളിൽനിന്നും ഈ ദിവസങ്ങളിൽനിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. ഞങ്ങൾ നന്നായി പരിശ്രമിക്കുന്നുണ്ട്. പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാനാവുന്നില്ല. ഇതിനു കാരണം ടീമംഗങ്ങളുടെ ഏകാഗ്രത കുറവാണ്. ഓരോ മൽസരം തോൽക്കുമ്പോഴും അവരുടെ ആശങ്ക വർധിക്കുന്നു, ഭയം കൂടുന്നു. ഇതു ടീമിന് ഗുണം ചെയ്യില്ല. എല്ലാ മുന്നൊരുക്കങ്ങളെയും നശിപ്പിക്കും”.

”പലപ്പോഴും പിന്തുടർന്ന് ജയിക്കാവുന്ന സ്കോറിലേക്ക് എതിർ ടീമിന്റെ ബാറ്റിങ് നിരയെ ബോളർമാർ പിടിച്ചുകെട്ടാറുണ്ട്. എന്നാൽ പലപ്പോഴും ഇത് പിഴയ്ക്കും. ആരാധകരുടെ പ്രതീക്ഷയും മികച്ച ബാറ്റിങ് നിരയാണെന്ന ധാരണയുമെല്ലാം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ മനസ്സില്‍ വരും. ഇത് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇനിയുളള നാലു മൽസരങ്ങൾ വിജയിച്ച് പ്ലേ ഓഫിൽ കയറാമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഞങ്ങളെല്ലാം ഇനിയുളള മൽസരങ്ങൾ ആസ്വദിച്ച് കളിക്കും. തോൽക്കുന്നതിനെക്കുറിച്ചോ റൺസ് നേടുന്നതിനെക്കുറിച്ചോ ചിന്തിക്കില്ലെന്നും” കോഹ്‌ലി പറഞ്ഞു.

ക്രിസ് ഗെയ്‌ൽ, കോഹ്‌ലി, എബി ഡിവില്ലിയേഴ്സ് തുടങ്ങി മുൻനിര താരങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ബാംഗ്ലൂർ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 49 റൺസിനാണ് ബാംഗ്ലൂർ പുറത്തായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ