2011 മുതൽ എല്ലാ സീസണിലും ഒരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജഴ്‌സി അണിഞ്ഞാണ് കളത്തിലിറങ്ങുക. ഇത്തവണ ബാംഗ്ലൂർ പച്ച ജഴ്‌സി അണിയുന്നത് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തിലാണ്. ഉച്ചകഴിഞ്ഞ് 3.30 ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

Image

എല്ലാ സീസണിലും ബാംഗ്ലൂർ താരങ്ങൾ ഒരു മത്സരത്തിൽ പച്ച ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങാൻ കാരണമുണ്ട്. ‘ഗോ ഗ്രീൻ’ പദ്ധതിയുടെ പ്രചാരണാർത്ഥമാണ് സീസണിലെ ഒരു മത്സരം പച്ച ജഴ്‌സി അണിഞ്ഞ് കളിക്കാൻ ആർസിബി താരങ്ങൾ തീരുമാനിച്ചതി. മരങ്ങൾ വച്ചുപിടിപ്പിക്കുക, മരങ്ങൾ സംരക്ഷിക്കുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ബാംഗ്ലൂർ താരങ്ങൾ പച്ച ജഴ്‌സിയണിഞ്ഞ് കളിച്ചത്. 2018 ൽ രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു പച്ച ജഴ്‌സിയണിഞ്ഞ മത്സരം.

ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബാംഗ്ലൂർ. പത്ത് കളികളിൽ ഏഴ് ജയം സ്വന്തമാക്കിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ജയിച്ച് പോയിന്റ് പട്ടികയിൽ മുകളിലേക്ക് കയറാനും പ്ലേ ഓഫ് ഉറപ്പിക്കാനുമാണ് ആർസിബി ശ്രമിക്കുക. അതേസമയം, തുടർ തോൽവികളിൽ മനംനൊന്തിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് ഈ മത്സരത്തിലെങ്കിലും പച്ച തൊടാൻ സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook