പുതിയ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ ഫാഫ് ഡു പ്ലെസിസിനെ കാപ്റ്റനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ശനിയാഴ്ച പ്രഖ്യാപിച്ചു.
വർഷങ്ങളായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായിട്ടുള്ള 37 കാരനായ ബാറ്റ്സ്മാനെ, ഐപിഎൽ മെഗാ ലേലത്തിൽ ആർസിബി സ്വന്തമാക്കിയിരുന്നു. ലേലത്തിൽ സ്വന്തമാക്കിയ 19 കളിക്കാരിൽ ആർസിബി ഏറ്റവും കൂടുതൽ പണം ചിലവഴിച്ചതിൽ ഒരാളാണ് ഡുപ്ലെസിസ്.
ഇന്ന് നടന്ന വെർച്വൽ ചടങ്ങിൽ ടീം ചെയർമാൻ പ്രഥ്മേഷ് മിശ്രയും ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ മൈക്ക് ഹെസ്സനും ചേർന്ന് ഡു പ്ലെസിസിന് കാപ് കൈമാറി.
“ഈ അവസരത്തിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഞാൻ ഒരുപാട് ഐപിഎൽ കളിച്ചിട്ടുണ്ട്, ഗെയിമിന്റെ ചലനാത്മകത മനസ്സിലാക്കുന്നു. ഒരു വിദേശ കളിക്കാരനെ വിശ്വസിക്കുക എന്നത് ചെറിയ കാര്യമല്ല, ”2020 ൽ എല്ലാ ഫോർമാറ്റുകളിലും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻസി ഉപേക്ഷിച്ച ഡു പ്ലെസിസ് പറഞ്ഞു.
“ആഭ്യന്തര കളിക്കാരുടെ അത്ഭുതകരമായ അനുഭവത്തെ ഞാൻ വളരെയധികം ആശ്രയിക്കും. വിരാട് കോഹ്ലിയിൽ ഞങ്ങൾക്ക് മികച്ച നായകനെ ലഭിച്ചിട്ടുണ്ട്,” ഡു പ്ലെസിസ് പറഞ്ഞു.
37 വയസ്സുകാരനായ ഡു പ്ലെസിസ് ഇതുവരെ ഐപിഎല്ലിൽ 100 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 131-ലധികം സ്ട്രൈക്ക് റേറ്റിൽ 2935 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഐപിഎൽ വിജയിച്ച സിഎസ്കെയ്ക്കായി 633 റൺസ് അദ്ദേഹം നേടിയിരുന്നു.
മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി 2021 സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ ഇത് തന്റെ അവസാനത്തെ സീസൺ ആണെന്ന് പ്രഖ്യാപിച്ച് ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പറഞ്ഞതിന് തൊട്ടുപിറകെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.