ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ് എന്നതില്‍ യാതൊരു സംശയവുമില്ല. മൂന്ന് വട്ടം ചാമ്പ്യന്‍മാരായ മുംബൈ നാലാം കിരീടം ലക്ഷ്യമിട്ടിലാണ് ഇക്കൊല്ലം പോരിനിറങ്ങുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിന് കപ്പ് വീണ്ടും വാങ്കഡയിലെത്തിക്കാനുള്ള കരുത്തുമുണ്ട്.

ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് മുംബൈ. 2013 വരെ കപ്പിനായി കാത്തിരിക്കേണ്ടി വന്നെങ്കിലും മുംബൈ ഒരിക്കലും ചെറിയ ടീമായി വിലയിരുത്തപ്പെട്ടിരുന്നില്ല. 2015 ലും 2017 ലും കപ്പുയര്‍ത്തി മുംബൈ തങ്ങളുടെ കരുത്ത ്‌തെളിയിച്ചതാണ്. കൃത്യമായ രണ്ട് വര്‍ഷത്തെ ഇടവേളകളില്‍ കപ്പുയര്‍ത്തുന്ന ആ ശീലം ഇത്തവണയും അവര്‍ ആവര്‍ത്തിക്കുമോ എന്നാണ് ആരാധകരും ഉറ്റു നോക്കുന്നത്.

എന്നാല്‍ കഴിഞ്ഞ സീസണ്‍ മുംബൈക്ക് ആശ്വസിക്കാനുള്ളതൊന്നും നല്‍കിയിരുന്നില്ല. 14 ല്‍ എട്ട് കളിയിലും പരാജയപ്പെട്ട രോഹിത്തും സംഘവും അഞ്ചാമതായാണ് സീസണ്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണിലെ ആദ്യത്തെ ആറില്‍ അഞ്ച് കളിയും പരാജയപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇത്തവണ ജയിച്ചു തന്നെ തുടരകയാവും ലക്ഷ്യം.

നായകന്‍ രോഹിത് ശര്‍മ്മ, ഇന്ത്യയുടെ പേസ് മുഖം ജസ്പ്രീത് ബുംറ, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് മുംബൈയുടെ കുന്തമുനകള്‍. ടീമിലെ മിക്ക വമ്പന്മാരേയും മുംബൈ ലേലത്തില്‍ നിലനിര്‍ത്തുകയും ചെയ്തു. പ്രായത്തിന്റെ വെല്ലുവിളിയെ ജയിച്ച ലസിത് മലിങ്ക, ഇന്ത്യയുടെ എക്കാലത്തേയും മികച്ച വെടിക്കെട്ട് താരങ്ങളിലൊരാളായ യുവരാജ് സിങ് എന്നിവരും മുംബൈ നിരയിലുണ്ട്. അവസാന നിമിഷം മുംബൈയിലെത്തിയ യുവിക്ക് മുന്നിലുളളത് വലിയ വെല്ലുവിളിയാണ്. തിളങ്ങാനായില്ലെങ്കില്‍ കരിയര്‍ എന്നന്നേക്കുമായി അവസാനിക്കും.

ബാറ്റിങാണ് മുംബൈയുടെ കരുത്ത്. മുന്നില്‍ നിന്നു നയിക്കുന്ന രോഹിത്, എവിന്‍ ലൂയിസ്, ക്വിന്റണ്‍ ഡി കോക്ക്, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക്, സുര്യകുമാര്‍ യാദവ് തുടങ്ങിയ വന്‍ അടിക്കാര്‍ അവരുടെ പക്കലുണ്ട്. യുവതാരങ്ങളായ ഇഷാന്‍ കിഷന്‍ ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ, തുടങ്ങിയവരും തങ്ങളുടെ വിശ്വാസ്യത നേരത്തെ തന്നെ തെളിയിച്ചതാണ്.

ബൗളിങില്‍ ജസ്പ്രീത് ബുംറയെ പോലെ അവസാന ഓവറുകളില്‍ ഏതൊരു ലോകോത്തര നിരയേയും തകര്‍ക്കാനാവുന്ന പേസറാണ് മുംെൈബയുടെ കരുത്ത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ബുംറയുടെ വര്‍ഷമായിരുന്നു കടന്നു പോയത്. അതുകൊണ്ട് തന്നെ ആ ഫോം മുംബൈയുടെ വിജയങ്ങളില്‍ നിര്‍ണായകമാവും. എന്നാല്‍ ക്രുണാലും മായങ്ക് മാര്‍ക്കണ്ഡേയും മാത്രമാണ് സ്പിന്നരമാരായി ടീമിലുള്ളത്. സ്പിന്‍ നിരയിലെ കരുത്തില്ലായ്മ ഒരുപക്ഷെ വെല്ലുവിളിയാകും.

മാര്‍ച്ച് 23 ന് ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. തോറ്റ് തുടങ്ങുന്ന ശീലം അവസാനിപ്പിക്കുകയാവും വാങ്കഡയില്‍ ഡല്‍ഹിക്കെതിരെ ഇറങ്ങുമ്പോള്‍ മുംബൈയ്ക്ക് മുന്നിലെ ആദ്യ വെല്ലുവിളി.

ടീം: രോഹിത് ശര്‍മ്മ(C), ജസ്പ്രീത് ബുംറ, ക്വിന്റണ്‍ ഡി കോക്ക്. ലസിത് മലിങ്ക, അന്‍മോല്‍പ്രീത് സിങ്, ജെയ്‌സണ്‍ ബെഹ്‌റന്‍ഡ്രോഫ്, രാഹുല്‍ ചാഹര്‍, ബെന്‍ കട്ടിങ്, ഇശാന്‍ കിഷന്‍, പങ്കജ് ജെയ്‌സ്വാള്‍, സിദ്ദേഷ് ലാഡ്, എവിന്‍ ലൂയിസ്, മിച്ചല്‍ മഗ്‌ലെഗ്നാന്‍, മായങ്ക് മാര്‍ക്കണ്ഡെ, ആഡം മില്‍നെ, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കിറോണ്‍ പൊള്ളാര്‍ഡ്, രസിക് സലാം, അനുകുല്‍ റോയ്, ബരീന്ദര്‍ സ്രാന്‍, ആദിത്യ താരെ, സുര്യകുമാര്‍ യാദവ്, യുവരാജ് സിങ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ