വെല്ലിങ്ടണ്‍: കഴിഞ്ഞ വര്‍ഷത്തെ ഗംഭീര ഫോം ഇക്കൊല്ലവും തുടര്‍ന്ന് റോസ് ടെയ്ലര്. 34 കാരനായ ടെയ്ലറുടെ സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡിന് 115 റണ്‍സിന്റെ ഉജ്ജ്വല വിജയം. 131 പന്തുകളില്‍ നിന്നും 137 റണ്‍സുമായി കളം വാഴുകയായിരുന്നു ടെയ്ലര്.
ഇതോടെ ഒരു ഫോര്‍മാറ്റില്‍ 20 സെഞ്ചുറി നേടുന്ന ആദ്യ കിവീസ് ബാറ്റ്സ്മാനായി ടെയ്ലര് മാറി. കഴിഞ്ഞ ആറ് മത്സരങ്ങളിലായി 181, 80, 86, 54, 90, 137 എന്നിങ്ങനെയാണ് ടെയ്ലറുടെ സ്കോറുകള്‍. മറ്റുള്ളവര്‍ കളി അവസാനിപ്പിക്കുന്ന പ്രായത്തില്‍ യുവാക്കളെ പോലും ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് ടെയ്ലര്.
ഈ കുതിപ്പില്‍ ടെയ്ലര് പിന്നിലാക്കിയത് സാക്ഷാല്‍ സച്ചിന് ടെൻഡുല്‍ക്കറേയും ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ് വിരാട് കോഹ്ലിയേയുമാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി 50 ല്‍ അധികം റണ്‍സ് നേടുന്നവരുടെ പട്ടികയിലാണ് ടെയ്ലര് സച്ചിനേയും കോഹ്ലിയേയും മറി കടന്നത്. തുടര്‍ച്ചയായി ആറ് മത്സരങ്ങളിലാണ് ടെയ്ലര് 50+ സ്കോര്‍ നേടിയത്. സച്ചിനും കോഹ്ലിയും അഞ്ച് വട്ടം ഈ നേട്ടം സ്വന്തമാക്കിയവരാണ്.
ഇതോടെ കിവീസ് താരങ്ങളുടെ പട്ടികയില്‍ നായകന് കെയ്ന്‍ വില്യംസണും ആന്‍ഡ്രു ജോണ്സിനുമൊപ്പമെത്തി ടെയ്ലര്. പാക്കിസ്ഥാന് മുന്‍ നായകന് മുഹമ്മദ് യൂസുഫും വിന്‍ഡീസ് താരം ജോര്‍ദന്‍ ഗ്രീനിഡ്ജും ഓസീസ് മുന്‍ താരം മാര്‍ക്ക് വോയും ആറ് വട്ടം ഈ നേട്ടം നേടിയവരാണ്. അതേസമയം, പാകിസ്ഥാന്റെ മുന്‍ നായകനായ ജാവേദ് മിയാന്‍ദാദാണ് ഒന്നാമതുള്ളത്. ഇതിഹാസ താരം 1987 ല്‍ ഒമ്പത് വട്ടം തുടര്‍ച്ചയായി 50 ല്‍ അധികം റണ്‍സ് നേടിയിരുന്നു.
ഇന്നലത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കിവീസ് തൂത്തുവാരി. കിവീസ് ഉയര്‍ത്തിയ 365 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 249 റണ്‍സിന് പുറത്തായി. തിസര പെരേരയുടെ വെടിക്കെട്ട് പ്രകടനം ഒരിക്കല്‍കൂടി വെറുതെയായി. 80 റണ്‍സെടുത്താണ് പെരേര പുറത്തായത്. കഴിഞ്ഞ മത്സരത്തില്‍ പെരേര സെഞ്ചുറി നേടിയിട്ടും ലങ്ക പരാജയപ്പെട്ടിരുന്നു.