ഓസ്ട്രേലിയയിൽ നേടിയ ചരിത്ര വിജയങ്ങൾക്ക് പിന്നാലെ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മികച്ച ഫോമിലുള്ള ഇന്ത്യൻ നായകനും ബാറ്റിങ് നിരയും തന്നെയാണ് ന്യൂസിലൻഡിൽ കിവികൾക്ക് വെല്ലുവിളിയാകുക. ഈ സാഹചര്യത്തിലാണ് ന്യൂസിലൻഡ് ബോളർമാർക്ക് മുന്നറിയിപ്പുമായി ടീമിലെ സീനിയർ താരം റോസ് ടെയ്‍ലർ രംഗത്തെത്തിയിരിക്കുന്നത്. കോഹ്‍ലിയെ മാത്രം പേടിച്ചാൽ പോരന്നാണ് ടെയ്‍ലർ സഹതാരങ്ങളോട് പറയുന്നത്.

“ഏകദിന ക്രിക്കറ്റിൽ ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‍ലിയുടേത്. നിലവിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതും കോഹ്‍ലി തന്നെ. കോഹ്‍ലിയെ പുറത്താക്കാൻ സാധിച്ചാലും ഇന്ത്യക്ക് മികച്ച രണ്ട് ഓപ്പണർമാരാണുള്ളത്, രോഹിത് ശർമ്മയും ശിഖർ ധവാനും. ധവാന് ന്യൂസിലൻഡിൽ മികച്ച റെക്കോര്‍ഡുമുണ്ട്. അതുകൊണ്ടുതന്നെ ബോളര്‍മാരുടെ ജോലി കടുപ്പമേറിയതാകും,” ടെയ്‌ലര്‍ പറഞ്ഞു.

അതിനിടെ, പര്യടനത്തിനായി ഇന്ത്യൻ ടീം ന്യൂഡിലൻഡിൽ എത്തി. ഓക്‌ലൻഡ് വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ടീമിനൊപ്പം നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും എത്തിയിട്ടുണ്ട്. ബുധനാഴ്ച നാപ്പിയറിലാണ് അഞ്ചു ഏകദിന പരമ്പരയിലെ ആദ്യ മത്സരം. അഞ്ചു ഏകദിനങ്ങളും മൂന്നു ടിട്വന്റി മത്സരങ്ങളുമാണ് ഇന്ത്യൻ ടീമിന്റെ പര്യടനത്തിലുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ