ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരന്മാരെന്ന പോലെ തന്നെ മികച്ച നായകന്മാരെന്ന വിശേഷണത്തിനും അർഹതപ്പെട്ടവരാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും. കളിയിലും തന്ത്രത്തിലുമെല്ലാം സമാന സ്വഭാവക്കാരാണെങ്കിലും റൂട്ട് ഒരു കാര്യത്തിൽ കോഹ്‌ലിയെ കണ്ട് പഠിക്കണമെന്നാണ് ക്രിക്കറ്റ് ഇതിഹാസം മൈക്ക് ബ്രെയേർലി റെക്കോൻസിന്റെ പക്ഷം. ഡെയ്‍ലി മെയ്‍ലിന് നൽകിയ അഭിമുഖത്തിലാണ് റൂട്ടിന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഉപദേശം.

അർദ്ധ സെഞ്ചുറികൾ സെഞ്ചുറികളാക്കി മാറ്റുന്നതിൽ കോഹ്‌ലിയെ കണ്ട് പഠിക്കാനാണ് റൂട്ടിനോട് മൈക്ക് ബ്രെയേർലി പറയുന്നത്. നല്ല രീതിയിൽ ബാറ്റ് വീശിയാലും പലപ്പോഴും അർദ്ധ സെഞ്ചുറികളിൽ നിന്ന് സെഞ്ചുറികളിലേക്കെത്താൻ റൂട്ടിന് സാധിക്കാറില്ല. ക്രിക്കറ്റ് ലോകത്ത് തന്നെ പലരും നേരത്തെ ഇക്കാര്യം ചൂണ്ടി കാട്ടിയിട്ടുണ്ട്.

അർദ്ധസെഞ്ചുറി നേടിയാലും അത് സെഞ്ചുറിയാക്കി മാറ്റുന്നതിൽ 25 ശതമാനം മാത്രമേ റൂട്ടിന് സാധിക്കാറുള്ളു. കോഹ്‌ലിയാകട്ടെ ഇക്കാര്യത്തിൽ 54 ശതമാനവും വിജയം കണ്ടെത്തും. അർദ്ധ സെഞ്ചുറികൾ സെഞ്ചുറിയാക്കുന്നതിൽ ബ്രാഡ്മാനും ജോർജ് ഹെഡ്‌ലിക്കും പിന്നിലാണ് കോഹ്‌ലി. കഴിഞ്ഞ ഇംഗ്ലീഷ് പരമ്പരയിൽ തന്നെ കോഹ്‌ലി രണ്ട് സെഞ്ചുറികൾ നേടിയപ്പോൾ റൂട്ടിന് ഒരു തവണ മാത്രമാണ് നേട്ടത്തിലെത്താനായത്.

“റൂട്ട് മികച്ച ബാറ്റ്സ്മാൻ തന്നെയാണ്. എന്നാൽ തുടർച്ചയായി അമ്പത് റൺസിനും നൂറ് റൺസിനുമിടയിൽ പുറത്താകുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നല്ലപോലെ പരിശ്രമിക്കുന്നുണ്ടെങ്കിലും സെഞ്ചുറിയിലേക്കെത്താൻ റൂട്ടിനാകാറില്ല. അർദ്ധ സെഞ്ചുറികൾ സെഞ്ചുറികളാക്കി മാറ്റുന്നതിൽ 24 ശതമാനം മാത്രമേ റൂട്ട് വിജയിക്കാറുള്ളു. എന്നാൽ കോഹ്‌ലി 59 മുതൽ 60 ശതമാനം വരെ അർദ്ധ സെഞ്ചുറികൾ സെഞ്ചുറികളാക്കി മാറ്റാറുണ്ട്. എന്നാൽ ലോകത്തെ മികച്ച നാലോ അഞ്ചോ കളിക്കാരെയെടുത്താൽ ഇവർ രണ്ട് പേരും പട്ടികയിലുണ്ടാവും” മൈക്ക് ബ്രെയേർലി റെക്കോൻസ് പറഞ്ഞു.

വെസ്റ്റ് ഇൻഡീനെതിരായ ആദ്യ ടെസ്റ്റിലും കോഹ്‌ലി സെഞ്ചുറി തികച്ചിരുന്നു. തന്റെ 24-ാം സെഞ്ചുറിയിലൂടെ കോഹ്‌ലി മറികടന്നത് സച്ചിന്റെ റെക്കോര്‍ഡ് കൂടിയാണ്. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. നേരത്തെ ഇത് സച്ചിന്റെ പേരിലായിരുന്നു. ഇന്ത്യയില്‍വച്ച് കോഹ്‌ലി നേടുന്ന 11-ാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ആഭ്യന്തര മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്‌ലിയുടെ 8-ാം സെഞ്ചുറിയും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ