ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും സൂപ്പർ താരങ്ങളിലൊരാളായ വെയ്ന്‍ റൂണിയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. അമേരിക്കയ്‌ക്കെതിരെ ഈ മാസം 15ന് നടക്കുന്ന മത്സരത്തിനുള്ള ടീമിലാണ് റൂണിയും ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ താരത്തിന് വിടവാങ്ങൽ മത്സരം കളിക്കാനുള്ള അവസരമാണ് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയോഷൻ നൽകുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.

അതുകൊണ്ട് തന്നെ അന്തിമ ഇലവനിൽ താരം കളിച്ചേക്കില്ല. മത്സരത്തിൽ പകരക്കാരനായിട്ടാകും താരം ഇറങ്ങുക. അമേരിക്കയ്ക്കെതിരെ കളിച്ചാലും പിന്നീട് ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ താരത്തിന് അവസരം ലഭിക്കില്ല. വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

2017 ഓഗസ്റ്റിലാണ് വെയ്ൻ റൂണി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ദീർഘനാളുകളായി ടീമിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു. 2016 നവംബറിൽ സ്കോട്‍ലൻഡിനെതിരെയായിരുന്നു ഇംഗ്ലണ്ട് ജെഴ്സിയിലുള്ള അവസാന മത്സരം.

ദേശീയ ടീമിൽ നിന്ന് മാറിയതോടൊപ്പം റൂണി തന്റെ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പടിയിറങ്ങി. 13 വർഷങ്ങൾക്ക് ശേഷമാണ് റൂണി യുണൈറ്റഡ് വിട്ടത്. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേരത്തെ വിടവാങ്ങൽ അറിയിച്ച റൂണി പക്ഷെ ക്ലബ്ബ് ഫുട്ബോളിൽ സജീവമാണ്. നിലവിൽ അമേരിക്കൻ സോക്കർ ലീഗിൽ ഡിസി യുണൈറ്റഡ് താരമാണ് റൂണി.

119 മത്സരങ്ങൾ ഇംഗ്ലണ്ടിനായി കളിച്ച റൂണി 53 ഗോളുകളും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൂണി തന്നെ. മാഞ്ചസ്റ്ററിനായി 393 മത്സരങ്ങൾ കളിച്ച റൂണി അടിച്ചു കൂട്ടിയത് 183 ഗോളുകളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ