ലോക ഫുട്‌ബോളിന്റേയും ബ്രസീലിന്റേയും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിരിക്കും റൊണാള്‍ഡോ എന്ന് നിസംശയം പറയാം. ചരിത്രത്തില്‍ റോണാള്‍ഡോയ്ക്ക് പകരക്കാരനില്ല ഇനി ഉണ്ടാവുകയുമില്ല. കാല്‍പ്പന്തു കൊണ്ട് കവിത രചിക്കുന്ന റൊണാള്‍ഡോയുടെ എത്രയെത്ര ഗോളുകളാണ് ഇന്നും മനസില്‍ തങ്ങി നില്‍ക്കുന്നത്.

2002 കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പിലെ താരമായിരുന്നു റൊണാള്‍ഡോ. എന്നാലന്ന് കളിമികവു കൊണ്ട് മാത്രമല്ല തന്റെ തലയിലെ ചിത്രപ്പണി കൊണ്ട് കൂടിയാണ് താരം ശ്രദ്ധ പിടിച്ചു പറ്റിയത്. അസാധാരണ ഹെയര്‍ സ്റ്റൈലുമായിട്ടായിരുന്നു റൊണാള്‍ഡോ ലോകകപ്പിനിറങ്ങിയത്.

തലയുടെ മുന്‍ വശത്തു മാത്രം മുടിവെച്ചു കൊണ്ടുള്ള താരത്തിന്റെ ഹെയര്‍ സ്റ്റൈല്‍ ആരാധകരുടെ നെറ്റിച്ചുളിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ തന്റെ അസാധാരണ ഹെയര്‍സ്‌റ്റൈലിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇതിഹാസ താരം.

തന്റെ കാലിലെ പരിക്കില്‍ നിന്നും മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനായിരുന്നു അത്തരത്തിലൊരു വ്യത്യസ്തമായ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചത് എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അന്ന് മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതായിരുന്നു റൊണാള്‍ഡോയുടെ കാലിലെ പരിക്ക്. അതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

എന്തായാലും പരീക്ഷണം വിജയം കണ്ടു. ബ്രസീല്‍ ലോകകപ്പ് കിരീടമുയര്‍ത്തി. ഓപ്പം ഗോള്‍ഡന്‍ ബൂട്ട് റൊണാള്‍ഡോയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ