മാഡ്രിഡ്: ലാലീഗയിൽ ഫോം കണ്ടെത്താതെ ഉഴലുന്ന റയൽമാഡ്രിഡിന്രെ പ്രകടനത്തിൽ അതൃപ്തിയുമായി ആരാധകർ. സീസൺ പകുതി പിന്നിടുമ്പോൾ ലാലീഗയിൽ കിരീടം നേടാമെന്നുളള റയൽ മാഡ്രിഡിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. ഇന്നലെ സ്വന്തം മൈതാനമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മൽസരത്തിൽ വിയ്യറയലിനെതിരെ റയൽ തോറ്റിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോം ഇല്ലായ്മയും സിദാന്റെ പാളിയ തന്ത്രങ്ങളുമാണ് ടീമിന്റെ മോശം പ്രകടനങ്ങൾക്ക് കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. റൊണാൾഡോയുടെ സുവർണ്ണ കാലം അവസാനിച്ചുവെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. “He is Finshesd” എന്ന മുദ്രാവാക്യം വിളികൾ ഇന്നലെ സാന്റിയാഗോ ബെർബ്യൂവിലെ ഗാലറിയിലെ വിവിധ ഇടങ്ങളിൽ ഉയർന്ന് കേട്ടിരുന്നു.

സീസണിൽ ഇതുവരെ ലാലീഗയിൽ 4 ഗോളുകൾ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേടാൻ കഴിഞ്ഞിട്ടുള്ളു. നിരന്തരം പരുക്കിന്റെ പിടിയിലായ ഗാരത് ബെയ്‌ലിന്റെ അസാന്നിധ്യവും റയലിന് വലിയ തിരിച്ചടിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും – ബെയ്‌ലും തമ്മിലുളള ഒത്തിണക്കക്കുറവ് റയലിന്റെ പ്രകടനത്തിൽ വ്യക്തമാണ്.

സൂപ്പർ താരങ്ങളേക്കാൾ മികച്ച രീതിയിൽ കളിക്കുന്ന മാർക്കോ അസെൻസിയോയെ സ്ഥിരം പകരക്കാരന്റെ റോളിൽ ഇറക്കുന്നതിലും ആരാധകർക്ക് അമർഷമുണ്ട്. സിദാന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉള്ളത്. ബന്ധവൈരികളായ ബാഴ്സിലോണ ട്രാൻസ്ഫർ മാർക്കറ്റിലൂടെ മികച്ച താരങ്ങളെ സ്വന്തമാക്കുന്നതും ആരാധകർക്ക് അമർഷം ഉണ്ടാക്കുന്നുണ്ട്. ഫിലിപ്പ് കുട്ടീഞ്ഞോ, ഉസ്മാൻ ഡെംബേലെ, യാരി മിന എന്നീ താരങ്ങളെയാണ് ബാഴ്സ ഈ സീസണിൽ ടീമിൽ​ എത്തിച്ചത്. എന്നാൽ റയലാകട്ടെ യുവതാരം തിയോ ഫെർണ്ണാഡസ്,ഡിനി കാബേല്ലോസ് എന്നിവരെ മാത്രമാണ് ഈ സീസണിൽ സ്വന്തമാക്കിയത്.

അതേസമയം, ആരാധകരുടെ ഇഷ്ടതാരമായിരുന്ന ജെയിംസ് റോഡ്രിഗസിനെ ലോൺ അടിസ്ഥാനത്തിൽ ബയണിന് നൽകിയത് സിദാന്റെ മണ്ടൻ തീരുമാനമായിരുന്നുവെന്ന് ഒരു വിഭാഗം ആരാധകർ വിമർശിക്കുന്നുണ്ട്.

ഈ കഷ്ടകാലത്തെ അതിജീവിക്കാൻ വിവിധ നിർദ്ദേശങ്ങൾ ആരാധകർ മുന്നോട്ട്‌വയ്ക്കുന്നുണ്ട്. ഗോൾവരൾച്ച അവസാനിപ്പിക്കാൻ ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്നെ ടീമിൽ എത്തിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ദേശീയ ടീമിനായും ടോട്ടൻഹാമിനായും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന കെയ്നെ സ്വന്തമാക്കാൻ റയലിനും താൽപ്പര്യം ഉണ്ട്. എന്നാൽ വൻ തുക മുടക്കിയാൽ മാത്രമേ കെയ്നെ സ്വന്തമാക്കാൻ കഴിയൂ. നെയ്മറിന് നൽകിയ 222 മില്യൺ യൂറോയേക്കാൾ ഉയർന്ന തുകയാണ് ടോട്ടൻഹാം ആവശ്യപ്പെടുന്നത്.

അതേസമയം, ലിവർപൂളിനായി മികച്ച ഫോമിൽ കളിക്കുന്ന മുഹമ്മദ് സാലയെയും റയൽ ലക്ഷ്യംവയ്ക്കുന്നുണ്ട്. സീസണിലിതുവരെ 21 മൽസരങ്ങളിൽ നിന്ന് 19 ഗോളുകളാണ് ഈ ഈജിപ്ഷ്യൻ താരം നേടിയത്. ഡ്രിബിളിങ്ങിലും ഫിനിഷിങ്ങിലും അസാമാന്യ പാടവമുള്ള സാലയെ സ്വന്തമാക്കാനും റയൽ ട്രാൻസ്ഫർ റെക്കോർഡുകൾ ഭേദിക്കേണ്ടിവരും.

നെയ്മർ, ബ്രസീലിയൻ ഫുട്ബോൾ താരം, പിഎസ്ജി താരം, ഫുട്ബോൾ, ബാഴ്സിലോണ എഫ്സി, നെയ്മർ ജൂനിയർ

PSG’s Neymar applauds with supporters after the French League One soccer match between PSG and Toulouse at the Parc des Princes stadium in Paris, France, Sunday, Aug. 20, 2017. (AP Photo/Kamil Zihnioglu)

ഇതിനിടെ പിഎസ്ജിയുടെ താരമായ നെയ്മറെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ചർച്ച നടത്തിയിരുന്നു. ബാലൺ ഡിയോർ ലഭിക്കണമെങ്കിൽ നെയ്മർ റയലിലേക്ക് വരണമെന്ന് ക്ലബ് പ്രസിഡൻഡ് ഫ്ലോറന്റീനോ പെരസ് പരസ്യമായി പറഞ്ഞിരുന്നു. പിഎസ്ജി താരങ്ങളുമായി നെയ്മർ നല്ല ചേർച്ചയിൽ അല്ല എന്നുള്ളതും റയലിന് അനുകൂലമാണ്.

ലാലീഗയിൽ കിരീട പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിലും കോപ്പ ഡെൽറേ കപ്പിലും കിരീടം നേടാൻ അവസരമുണ്ട്. അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ കരുത്തരായ പിഎസ്ജിയാണ് നിലവിലെ ചാമ്പ്യൻമാരായ റയലിന്റെ എതിരാളികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ