യുവന്റസിനെതിരെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈ സൈക്കിള്‍ കിക്ക് ഗോളാണ് ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ച. യുവന്റസ് ആരാധകരടക്കം കയ്യടിച്ച ഗോളിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് മാനേജര്‍ കൂടിയായ സിദാന്‍ പതിനേഴ്‌ വര്‍ഷം മുന്‍പ് താനടിച്ച ഗോള്‍ ഓര്‍മിപ്പിക്കുന്നത്.

റൊണാള്‍ഡോയുടേത് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിച്ച റയല്‍ മാഡ്രിഡ് മാനേജര്‍ എന്നാല്‍ തന്റേത് കുറച്ചുകൂടി മനോഹരമായിരുന്നു എന്ന് പറഞ്ഞതാണ് ഫുട്ബാള്‍ ആരാധകരുടെ ശ്രദ്ധ പഴയൊരു ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് കൂടി ക്ഷണിച്ചത്. യുവന്റസിനെതിരായ വിജയത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഫുട്ബാള്‍ ഇതിഹാസത്തിന്റെ പ്രതികരണം.

ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഗോള്‍

“ക്രിസ്റ്റ്യാനോയുടേത് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായിരുന്നു എന്നാല്‍ ഗ്ലാസ്‌ഗോവില്‍ ഞാന്‍ നേടിയ ഗോള്‍ ഇതിലും മനോഹരമായിരുന്നു” മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായ സിദാന്‍ തമാശരൂപേണ പറഞ്ഞു.

2012ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മൽസരത്തില്‍ ജര്‍മന്‍ ക്ലബ് ബയെര്‍ ലെവര്‍കൂസനെതിരെയായിരുന്നു സിദാന്റെ പ്രശസ്തമായ ഗോൾ.

സിദാന്റെ ഗോള്‍ 

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചായിരുന്നു അന്ന് റയല്‍ ചാമ്പ്യന്മാരായത്. എട്ടാം മിനിറ്റില്‍ റൗളിലൂടെ സ്കോറിങ് ആരംഭിച്ച റയലിനെ പതിമൂന്നാം മിനിറ്റില്‍ ലൂസിയോ കണ്ടെത്തിയ ഗോളിലൂടെ ജര്‍മന്‍ ക്ലബ് സമനിലയില്‍ തളച്ചു. നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ സിദാന്റെ ബൂട്ടില്‍ പിറന്ന ഗോളായിരുന്നു കളിയുടെ ഗതി മാറ്റിയത്.

ഫ്രഞ്ച് ഇതിഹാസത്തിന്റെ പ്രസ്താവനയോടെ ചര്‍ച്ചകള്‍ രണ്ട് പക്ഷമായി വഴിമാറിയിട്ടുണ്ട്. ഇതില്‍ ഏതാണ് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ എന്ന ചോദ്യം  റയല്‍ മാഡ്രിഡ് ആരാധകരെ കുഴയ്ക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ