മ്യൂണിച്ച്: ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയ മത്സരത്തിൽ ബയൺ മ്യൂണിക്കിനെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നിലവിലെ ചാമ്പ്യൻമാർ 1-2 എന്ന സ്കോറിന് ജയിച്ചു കയറിയത്. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഇരട്ടഗോളുകളാണ് ബയൺ മ്യൂണിക്കിനെ തകർത്തത്. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ബയേണിന്റെ മൈതാനത്ത് വിജയം നേടിയത് റയലിന് ഗുണകരമാണ്.

ജർമ്മൻ ചാമ്പ്യൻമാരുടെ മൈതാനത്ത് നടന്ന മത്സരം ചാമ്പ്യൻസ് ലീഗിലെ മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു. സ്വന്തം മൈതാനത്ത് അട്ടൂറോ വിഡാലിന്റെ ഗോളിലൂടെ ബയേണാണ് ആദ്യം മുന്നിലെത്തിയത്. തിയാഗോയുടെ കോർണ്ണർ കിക്കിൽ തലവെച്ച വിഡാൽ റയൽ വലതുളയ്ക്കുകയായിരുന്നു. ഗോൾനില ഉയർത്താൻ ബയേണിന് വീണ്ടും അവസരം ലഭിച്ചു. പെനാൽറ്റി ബോക്സിൽ വെച്ച് റയൽ പ്രതിരോധ നിരക്കാരൻ ഡാനി കാർവഹാൾ പന്ത് കൈകൊണ്ട് തൊട്ടു എന്ന് വിധിച്ച് റഫറി പെനാൽ​റ്റി വിധിച്ചു. റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് വീഡിയോ റീപ്ലെകളിൽ വ്യക്തമായിരുന്നു. പക്ഷെ പെനാൽറ്റി കിക്ക് എടുത്ത അട്ടൂറോ വിഡാലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പറന്ന് പോയി.

റഫറിയുടെ വിവാദ തീരുമാനത്തിന് ഡാനി കാർവഹാൾ രണ്ടാം പകുതിയിൽ പ്രതികാരം ചെയ്തു. അളന്നു കുറിച്ചൊരു ക്രോസ് കാർവഹാൾ ബയൺ ബോക്സിലേക്ക് തൊടുത്തു. ഓടിയെത്തിയ ക്രിസ്റ്റ്യാനോ ആ പന്തിനെ വലയിലേക്ക് ചെത്തിയിട്ടു. സമനില പിടിച്ചതോടെ കളി ആവേശകരമായി. റൊണാൾഡോ കളം നിറഞ്ഞ് കളിച്ചതോടെ ഗോൾകീപ്പർ മാന്യുവൽ ന്യൂയർ വിയർത്തു. റയലിന്രെ ആക്രമണങ്ങളെ ബയൺ താരങ്ങൾക്ക് പ്രതിരോധിക്കാൻ പരുക്കൻ അടവുകൾ പുറത്തേടുക്കേണ്ടി വന്നു. പക്ഷെ ഇതിന് വലിയ വിലകൊടുക്കേണ്ടി വന്നു. ക്രിസ്റ്റ്യാനൊ റൊണാൾഡോയെ ഫൗൾ ചെയ്തതിന് ജാവി മാർട്ടിനസ് ചുവപ്പ് കണ്ട് പുറത്തായി. ഇതോടെ ബയൺ 10 പേരായി ചുരുങ്ങി.

കളിയുടെ 77 മിനുറ്റിൽ റയൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. കൗമാരക്കാരൻ അസെൻസിയോയുടെ ക്രോസ് ബയണിന്റെ വലയിലെത്തിച്ച് ക്രിസ്റ്റ്യനൊ റൊണാൾഡോ റയലിന്റെ വിജയഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ 100 ആം ഗോളായിരുന്നു ഇത്. സ്കോർ ഉയർത്താൻ റയൽ നിരന്തര ശ്രമങ്ങൾ നടത്തിയെങ്കിലും മാന്യുവൽ ന്യൂയറിന്റെ തകർപ്പൻ സേവുകൾ ബയണിനെ കാത്തു.

ആദ്യ പാദത്തിലെ ജയം റയലിന് കരുത്താണ്. സ്വന്തം മൈതാനത്ത് ഗോൾ വഴങ്ങാതിരുന്നാൽ റയലിന് സെമി ബർത്ത് ഉറപ്പിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ