ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തർക്കങ്ങളിൽ ഒന്നാണ് ക്രിസ്റ്റ്യാനോ റോണാൾഡോയാണോ ലയണൽ മെസ്സിയാണോ കേമൻ എന്നത്. ആരാധകരും ഫുട്ബോൾ ഇതിഹാസങ്ങളുമെല്ലാം തർക്കത്തിൽ അഭിപ്രായം പറഞ്ഞെങ്കിലും അന്തിമ തീരുമാനത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ഈ തർക്കം പുരോഗമിക്കുന്നതിനിടയിൽ റോണാൾഡോ മറ്റൊരു കാര്യത്തിൽ മുന്നിലെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയായാണ് റോണോ മാറിയത്.

അമേരിക്കൻ ഗായികയും അഭിനേത്രിയുമായ സെലീന ഗോമസിനെ പിന്തള്ളിയാണ് റോണാൾഡോ ഇൻസ്റ്റഗ്രാമിൽ ഒന്നാമനായത്. 144 മില്യൻ ഫോളോവേഴ്സാണ് റോണാൾഡോയ്ക്ക് ഉള്ളത്. ആരാധകരുമായി സംവദിക്കാൻ റോണാൾഡോ കൂടുതൽ ഉപയോഗപ്പെടുത്തുന്ന സാമൂഹിക മാധ്യമവും ഇൻസ്റ്റഗ്രാം തന്നെ.

അതേസമയം, ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള വ്യക്തികളിൽ അർജന്റീന താരം മെസ്സി റൊണാൾഡോയെക്കാൾ ബഹുദൂരം പിന്നിലാണ്. ബ്രസീൽ താരം നെയ്മർ മെസ്സിയേക്കാൾ മുന്നിലും. 104 മില്യൻ ഫോളോവേഴ്സുമായി പട്ടികയിൽ ആദ്യ പത്തിൽ നെയ്മർ ഇടം പിടിച്ചപ്പോൾ 100 മില്യൻ ഫോളോവേഴ്സുമായി മെസ്സി 12-ാം സ്ഥാനത്താണ്.

റൊണോൾഡയുടെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡാണ് ആദ്യ അമ്പതിൽ മുന്നിലുള്ള ഫുട്ബോൾ ക്ലബ്ബ്. 64 മില്യൻ ഫോളോവേഴ്സാണ് റയൽ മാഡ്രിഡിന് ഇൻസ്റ്റഗ്രാമിലുള്ളത്. പട്ടികയിൽ 24-ാം സ്ഥാനത്താണ് മാഡ്രിഡ്. മെസ്സിയുടെ എഫ്‌സി ബാഴ്സലോണ 27-ാം സ്ഥാനത്തും. 61മില്യൻ ഫോളോവേഴ്സാണ് ബാഴ്സലോണയ്ക്കുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ