എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ ഓർമകൾ പുതുക്കി സീനിയർ താരങ്ങൾ പന്ത് തട്ടിയപ്പോൾ വിജയം ബാഴ്സിലോണയ്ക്ക് ഒപ്പം. 2 എതിരെ 3 ഗോളുകൾക്കാണ് ബാഴ്സിലോണ ലെജൻഡ്സ് ടീം വിജയം നേടിയത്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലാണ് പ്രദർശന മത്സരം നടന്നത്. റൊണാൾഡീഞ്ഞോ, സാംബ്രോട്ട, എഡ്ഗാർ ഡേവിഡ് എന്നീ പ്രമുഖതാരങ്ങളാണ് ബാഴ്സയ്ക്കായി ബൂട്ട് കെട്ടിയത്. റയൽ മാഡ്രിഡിനായി റോബർട്ടോ കാർലോസ്, നിക്കോളാസ് അനൽക്ക എന്നീ പ്രമുഖരാണ് കളത്തിലിറങ്ങിയത്.

റൊണാൾഡീഞ്ഞോയിലായിരുന്നു കാണികളുടെ ശ്രദ്ധ. പ്രതാപ കാലത്തെ ഓർമിപ്പിക്കും പോലെ മധ്യനിരയിൽ കളം നിറഞ്ഞു കളിച്ച റൊണാൾഡീഞ്ഞോ കാണികളുടെ മനസ്സ് കീഴടക്കി. ബാഴ്സിലോണ നേടിയ മൂന്ന് ഗോളുകളും റൊണാൾഡീഞ്ഞോയുടെ അളന്ന് കുറിച്ച പാസിൽ നിന്നായിരുന്നു. ബാഴ്സിലോണയ്കായി ലുഡ്ഗോവിക്ക് ജൂലി ഇരട്ടഗോളുകൾ നേടി. അർബുദത്തേതുടർന്ന് ഫുട്ബോളിൽ നിന്ന് വിരമിച്ച മുൻ ബാഴ്സിലോണ നായകൻ എറിക് അബിദാലും ബാഴ്സിലോണയുടെ കുപ്പായത്തിൽ ഇറങ്ങിയിരുന്നു.

ലെബനോൻ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ 60,000 ഓളം ആളുകളാണ് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ