പരാഗ്വ: വ്യാജ പാസ്പോര്‍ട്ടുമായി പരാഗ്വയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ മുന്‍ ബ്രസീല്‍, ബാഴ്സലോണ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞ്യോ ജയിൽ മോചിതനായി. 32 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് താരത്തെ മോചിതനാക്കിയത്. ജയിൽ മോചിതനായെങ്കിലും റൊണാൾഡിഞ്ഞോ വീട്ടു തടങ്കലിൽ തുടരും. കോവിഡ്-19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന് വീട്ടുതടങ്കലിന് അനുമതി ലഭിച്ചത്.
റൊണാൾഡീഞ്ഞോയുടെ സഹോദരന് റോബര്‍ട്ട് അസിസും അറസ്റ്റിലായിട്ടുണ്ട്. ഇരുവരും 1.3 മില്യൺ ഡോളർ ബോണ്ട് നൽകിയതായാണ് റിപ്പോർട്ട്. കോടതി ജാമ്യം നിഷേധിക്കുകയും വീട്ടുതടങ്കലിനുള്ള അപ്പീലുകൾ നിരസിക്കുകയും ചെയ്തതിനെത്തുടർന്ന് ഇരുവരും ജയിലിലായിരുന്നു. എന്നാൽ കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഇരുവരെയും വീട്ടുതടങ്കലിലേക്ക് മാറ്റുകയായിരുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇരുവരും പരാഗ്വയിൽ എത്തിയതെന്നാണ് വാദം. പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ ബ്രസീലിലെ സുഹൃത്ത് സമ്മാനമായി നൽകിയതാണെന്നും ഇവർ കോടതിയെ അറിയിച്ചു. നേരത്തെ അന്വേഷണവുമായി സഹകരിച്ചതിനാല്‍ ബദല്‍ ശിക്ഷ നല്കി വിട്ടയയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ ഈ നിര്‍ദേശം കോടതി തള്ളിയതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഒരു പ്രാദേശിക കാസിനോ ഉടമയുടെ ക്ഷണപ്രകാരമാണ് താരവും സഹോദരനും പരാഗ്വയിലെത്തിയത്.
Read Also: സച്ചിൻ പുറത്ത്; ഷെയ്ൻ വോണിന്റെ ഇന്ത്യൻ ഐപിഎൽ ടീമിൽ ഇടംപിടിച്ച് രണ്ട് സർപ്രൈസ് താരങ്ങൾ
ബ്രസീലിനായി ലോകകപ്പ് നേടിയ ടീമിലടക്കം അംഗമായിരുന്ന 2005ൽ ബാലൻ ദി ഓർ പുരസ്കാരത്തിനും അർഹനായിരുന്നു. ഏറെക്കാലം ബാഴ്സലോണയുടെ നെടുംതൂണായിരുന്നു റൊണാൾഡീഞ്ഞോ.
ജയിലിലെ ഉദ്യോഗസ്ഥരുമായുള്ള താരത്തിന്റെ ഫൊട്ടോയും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ സഹതടവുകാർക്കൊപ്പം ഫുട്ബോൾ കളിച്ചും വാർത്തകളിൽ നിറഞ്ഞു താരം. തടവുകാർക്കായി സംഘടിപ്പിച്ച മത്സരത്തിൽ തന്റെ ടീമിന് വലിയ വിജയം സമ്മാനിക്കാനും റൊണാൾഡീഞ്ഞോക്കായി. മാർച്ച് 21ന് തന്റെ പിറന്നാൾ ആഘോഷവും ജയിലിലായിരുന്നു.