ഇന്നലെ പരാഗ്വേ പൊലീസ് അറസ്റ്റ് ചെയ്‌ത ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞ്യോ കസ്റ്റഡിയിൽ തുടരുന്നു. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിനാണ് റൊണാൾഡീഞ്ഞ്യോ ഇന്നലെ പൊലീസ് പിടികൂടിയത്. റൊണാൾഡീഞ്ഞ്യോയുടെ സഹോദരനെയും പരാഗ്വേ പൊലീസ് ഹോട്ടലിൽ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

39 കാരനായ റൊണാൾഡീഞ്ഞ്യോ പരാഗ്വേയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ്. ബ്രസീലിൽ നിന്നു പരാഗ്വേയിൽ എത്താൻ വ്യാജ പാസ്‌പോർട്ട് കാണിക്കുകയായിരുന്നു താരം. ബ്രസീലിലെ ഒരു ബാങ്കിലെ പണ ഇടപാടുമായി ബന്ധപ്പെട്ട് റൊണാൾഡീഞ്ഞ്യോക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. വൻ കുടിശികയാണ് റൊണാൾഡീഞ്ഞ്യോ തിരിച്ചടക്കാനുള്ളത്. ഇതേ തുടർന്നാണ് നേരത്തെ റൊണാൾഡീഞ്ഞ്യോയുടെ ഒറിജിനൽ പാസ്‌പോർട്ട് ഗവൺമെന്റ് പിടിച്ചുവച്ചത്.
Read Also: നടിയെ ആക്രമിച്ച കേസ്: ഭാമയെ ഇന്നു വിസ്‌തരിക്കും
ഒറിജിനൽ പാസ്‌പോർട്ട് ഇല്ലാത്തതിനാൽ റൊണാൾഡീഞ്ഞ്യോക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്തുപോകാൻ കഴിഞ്ഞിരുന്നില്ല. ബ്രസീലിൽ തന്നെ തുടരുകയായിരുന്നു താരം. ഇപ്പോൾ പരാഗ്വോയിലേക്ക് പോകേണ്ടി വന്നപ്പോൾ താരം വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചു. റൊണാൾഡീഞ്ഞ്യോ കാണിച്ച ആനമണ്ടത്തരമാണ് പൊലീസ് പിടിയിലാകാൻ കാരണം. ബ്രസീലിയൻ പൗരന്‍മാർക്ക് പരാഗ്വേയിലെത്താൻ പാസ്‌പോർട്ട് ആവശ്യമില്ല. എന്നാൽ, റൊണാൾഡീഞ്ഞ്യോ ഇത്തവണ പാസ്‌പോർട്ട് കാണിച്ചതോടെ അതു വ്യാജമാണെന്ന് പൊലീസിനു വ്യക്തമായി. വ്യാജ പാസ്‌പോർട്ടിൽ പരാഗ്വേ പൗരന്‍ എന്നാണ് നൽകിയിരിക്കുന്നത്. ഇതും റൊണാൾഡീഞ്ഞ്യോക്ക് വിനയായി.

റൊണാൾഡീഞ്ഞ്യോക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് പരാഗ്വേ അധികൃതർ വ്യക്തമാക്കിയത്. “നിയമം ബഹുമാനിക്കപ്പെടണം. എത്ര ഉന്നതനായാലും നിയമം നടപ്പിലാക്കും.” പരാഗ്വേ അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.