കോപ്പ ഇറ്റാലിയായുടെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മിലാൻ ടീമുകൾ നേർക്കുനേർ എത്തിയപ്പോൾ കൊമ്പുകോർത്ത് ലോകതാരങ്ങളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ലുക്കാക്കുവും. മോശം പെരുമാറ്റത്തിന് രണ്ട് താരങ്ങൾക്കും യെല്ലോ കാർഡ് ലഭിച്ചു. പിന്നാലെ രണ്ടാം തവണയും യെല്ലോ കാർഡ് കണ്ട് ഇബ്രാഹിമോവിച്ച് പുറത്താവുകയും ചെയ്തു.

മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. 31-ാം മിനിറ്റിൽ ഇബ്രാഹിമോവിച്ചിലൂടെ എസി മിലാൻ മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എസി മിലാൻ നായകൻ അലിസിയോ റോമഗ്നോളി ലുക്കാക്കുവിനെ ഫൗൾ ചെയ്തു. ഇതോടെ കോപാകുലനായ ലുക്കാക്കു ദേഷ്യം പ്രകടിപ്പിച്ചു.

എന്നാൽ ലുക്കാക്കുവിനെ കൂടുതൽ പ്രകോപിപ്പിച്ചത് സ്ലാട്ടന്റെ പരിഹാസമായിരുന്നു. നിരവധി തവണ ബെൽജിയൻ താരത്തെ ഇബ്രാഹിമോവിച്ച് “ചെറിയ കഴുതെ” എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലടക്കം വ്യക്തമാണ്. ഇതോടെ നിയന്ത്രണം വിട്ട ലുക്കാക്കു ഇബ്രാഹിമോവിച്ചിന് നേരെ പാഞ്ഞടുത്തു.

അവരവരുടേതായ കാരണങ്ങളുണ്ടെങ്കിലും നിയന്ത്രണം മറന്ന് പെരുമാറിയ താരങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനായിരുന്നു റഫറിയുടെ തീരുമാനം. രണ്ട് താരങ്ങൾക്കെതിരെയും റഫറി മഞ്ഞ കാർഡ് ഉയർത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook