ഗുവാഹത്തി: ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനുമാണ് കോഹ്ലിയും രോഹിത്തും ഐസിസിയുടെ ഏകദിന റാങ്കിങ് പ്രകാരം. തങ്ങളുടെ ക്ലാസ് രണ്ടു പേരും ഇന്നലെ വിന്‍ഡീസിനെതിരെ പുറത്തെടുത്തതോടെ ലോക ക്രിക്കറ്റിലെ അജയ്യരായ ജോഡിയാണ് തങ്ങളെന്ന് ഇരുവരും തെളിയിച്ചു.

323 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ ഡബ്ബിള്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ അനായാസം ഇരുവരും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്നലത്തെ സെഞ്ചുറികളോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പിന്നിട്ടത് പുതിയ നാഴികക്കല്ലുകള്‍ കൂടിയാണ്.

152 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ആറാം തവണയാണ് രോഹിത് ഏകദിനങ്ങളില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. അഞ്ച് തവണ വീതം 150+ സ്‌കോര്‍ ചെയ്തിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഡേവിഡ് വാര്‍ണറെയുമാണ് രോഹിത് പിന്നിലാക്കിയത്.

അതേസമയം, മറുവശത്താകട്ടെ 300ന് മുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. 300ന് മുകളില്‍ ചേസ് ചെയ്യുമ്പോള്‍ കോഹ്‌ലി നേടുന്ന എട്ടാം സെഞ്ചുറിയാണിത്. നാല് സെഞ്ചുറി നേടിയിട്ടുള്ള കുമാര്‍ സംഗക്കാരയാണ് കോഹ്‌ലിക്ക് പിന്നിലുളളത്. സംഗ കളി അവസാനിപ്പിച്ചതിനാല്‍ ഈ റെക്കോര്‍ഡ് മറി കടക്കാന്‍ ഇനിയും നാളുകളെടുക്കും.

ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി നേടുന്ന 14-ാം സെഞ്ചുറിയാണിത്. 22 സെഞ്ചുറികള്‍ നേടിയിട്ടുള്ള റിക്കി പോണ്ടിംഗാണ് ഈ റെക്കോര്‍ഡില്‍ മുന്നിലുള്ളത്. കോഹ്ലിയുടെ ഫോം കണക്കിലെടുക്കുമ്പോള്‍ അധികം വൈകാതെ തന്നെ പോണ്ടിംഗിനൊപ്പമെത്തും. 13 സെഞ്ചുറി നേടിയിട്ടുള്ള എ ബി ഡിവില്ലിയേഴ്‌സിനെയും കോഹ്‌ലി ഇന്ന് പിന്നിലാക്കി.

വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് പുറമെ കൂട്ടുകെട്ടിലും ഇരുവരും ചേര്‍ന്ന് ചരിത്രം കുറിച്ചു. 246 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ കോഹ്‌ലി-രോഹിത് സഖ്യം റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും വലിയ കൂട്ടുകെട്ടിലും പങ്കാളിയായി. 2009ല്‍ ശ്രീലങ്കക്കെതിരെ ഗൗതം ഗംഭീറും കോഹ്‌ലിയും ചേര്‍ന്ന് നേടിയ 224 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഇന്ന് മറികടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ