മൊഹാലി: ധരംശാലയിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ്ങ് നിരയെ തകർത്തത് ശ്രീലങ്കൻ പേസർ സുരങ്ക ലക്മലായിരുന്നു. ഫാസ്റ്റ് ബൗളർമാരുടെ ഫോം കണക്കിലെടുത്താണ് തിസര പെരേര മൊഹാലിയിലും ആദ്യം പന്തെടുക്കാൻ തീരുമാനിച്ചത്.​ എന്നാൽ മൊഹാലിയിൽ ലങ്കൻ ബൗളർമാരെ തച്ചുടച്ച് രോഹിത്ത് ശർമ്മയും കൂട്ടരും ബാറ്റിങ് വെടിക്കെട്ട് തീർത്തു. ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത ലക്മലിനെ രോഹിത്ത് ശർമ്മ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയും ചെയ്തു.

ലക്മൽ ഏറിഞ്ഞ 44ആം ഓവറിൽ 4 പടുകൂറ്റൻ സിക്സുകളാണ് രോഹിത്ത് പറത്തിയത്. ആദ്യ രണ്ട് സിക്സറുകളും മിഡ് ഓണിലൂടെ പോയപ്പോൾ. അടുത്ത രണ്ട് സിക്സറുകളും ലെഗ്സൈഡിലേക്കായിരുന്നു. മൊഹാലിയിൽ 8 ഓവർ മാത്രം എറിഞ്ഞ ലക്മൽ 71 റൺസാണ് വഴങ്ങിയത്. ധരംശാലയിൽ നടന്ന ആദ്യ മത്സരത്തിൽ 10 ഓവർ പന്തെറിഞ്ഞ ലക്മൽ 14 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഫാസ്റ്റ് ബൗളർ നുവാൻ പ്രദീപാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പ്രഹരം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത്. 10 ഓവർ പന്തെറിഞ്ഞ നുവാൻ പ്രദീപ് 106 റൺസാണ് വഴങ്ങിയത്. ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ശ്രീലങ്കൻ താരമെന്ന നാണക്കേടിന്റെ റെക്കോഡ് ഇതോടെ നുവാൻ പ്രദീപ് സ്വന്തമാക്കി. 2006ല്‍ ഓസീസിനെതിരെ 99 റണ്‍സ് വഴങ്ങിയ മുത്തയ്യ മുരളീധരനെയാണ് നുവാന്‍ പ്രദീപ് മറികടന്നത്. ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരയും ഗുണരത്നയും ഓവറില്‍ പത്ത് റണ്‍സ് ഇക്കോണമിയിലാണ് പന്തെറിഞ്ഞത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ