ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അക്ഷരാർത്ഥത്തിൽ മൈതാനത്ത് താണ്ഡവമാടുകയായിരുന്നു രോഹിത് ശർമ. സിക്സുകളും ഫോറുകളും പറത്തി ലങ്കൻ ബോളർമാരെ വെളളം കുടിപ്പിച്ചു. ലങ്കൻ ഫീഡർമാരെ വിശ്രമമില്ലാതെ തലങ്ങും വിലങ്ങും പായിച്ചു. ശർമയുടെ താണ്ഡവമാട്ടം ലങ്കയ്ക്ക് കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുളളൂ.

ധർമശാലയിൽ ഏറ്റുവാങ്ങിയ നാണംകെട്ട തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചാണ് രോഹിത് പകരം വീട്ടിയത്. ഇരട്ട സെഞ്ചുറിയാണ് (208 നോട്ടൗട്ട്) രണ്ടാം ഏകദിനത്തിൽ രോഹിത് നേടിയത്. ഏകദിനത്തിലെ രോഹിത്തിന്റെ മൂന്നാമത് ഇരട്ട സെഞ്ചുറിയാണിത്. ഏകദിനത്തിൽ മൂന്നു തവണ ഇരട്ട സെഞ്ചുറി നേടുന്ന താരമാണ് രോഹിത് ഇന്ന് സ്വന്തം പേരിൽ കുറിച്ചത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡും രോഹിത് സ്വന്തം പേരിലാക്കി.

രോഹിത്തിന്റെ ഇരട്ട സെഞ്ചുറി നേട്ടം കാണാൻ മറ്റൊരാളും ഇന്ന് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. രോഹിത്തിന്റെ ഭാര്യ റിതിക സജ്ദേഹ്. രോഹിത് ഇരട്ട സെഞ്ചുറി നേടിയപ്പോൾ റിതികയുടെ കണ്ണുകളിൽനിന്നും സന്തോഷം കൊണ്ട് കണ്ണുനീർ തുളുമ്പി. രോഹിത്താകട്ടെ ഇരട്ട സെഞ്ചുറി നേടിക്കഴിഞ്ഞപ്പോൾ റിതികയ്ക്ക് ഫ്ലൈയിങ് കിസ് നൽകി. ഇന്ന് രോഹിതിന്റെ രണ്ടാം വിവാഹ വാർഷികമാണ്. 2015 ഡിസംബർ 13 നാണ് രോഹിത് തന്റെ ബാല്യകാല സുഹൃത്ത് കൂടിയായ റിതികയെ വിവാഹം ചെയ്യുന്നത്.

ധർമശാലയിലെ പരാജയത്തിന് മൊഹാലിയിൽ താൻ പകരം വീട്ടുമെന്ന് റിതികയ്ക്ക് നൽകിയ വാക്ക് രോഹിത് പാലിച്ചു. ഭർത്താവിന്റെ ആ പകരം വീട്ടൽ കാണാനായിരിക്കണം റിതിക ഇന്ന് മൽസരം കാണാനെത്തിയതും. ഇരട്ട സെഞ്ചുറിയിലേക്ക് രോഹിത് അടുക്കുന്തോറും റിതിക പ്രാർഥനകളുമായി ഗ്യാലറിയിൽ ഇരുന്നു. രോഹിത് ഇരട്ട സെഞ്ചുറി നേടിയതും റിതികയ്ക്ക് കരച്ചിൽ അടക്കി നിർത്താനായില്ല. റിതികയുടെ കണ്ണുനീർ രോഹിത് ഫ്ലൈയിങ് കിസ് നൽകിയാണ് തുടച്ചുമാറ്റിയത്. വിവാഹ വാർഷികത്തിൽ ഇതിൽപ്പരം ഒരു സമ്മാനം ഇനി റിതികയ്ക്ക് കിട്ടാനില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ