ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനലിൽ ബംഗ്ലാദേശിന് എതിരെ ഇന്ത്യ അനായാസം വിജയം നേടിയപ്പോൾ നിർണ്ണായകമായത് രോഹിത്ത് ശർമ്മയുടെ ഇന്നിങ്ങ്സാണ്. ഹിറ്റ്മാൻ എന്ന് ഓമനപ്പേരുള്ള രോഹിത്ത് ശർമ്മ ബംഗ്ലാദേശിന് എതിരെ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയം അനായാസം ആക്കിയത്.

129 പന്തിൽ നിന്ന് 123 റൺസാണ് രോഹിത്ത് ശർമ്മ അടിച്ച്കൂട്ടിയത്. 15 ഫോറും 1 സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ക്ലാസിക്ക് ഇന്നിങ്ങ്സ്. അപകടകാരികളായ മുസ്താഫിസൂർ റഹ്മാനെയും , ടസ്ക്കിൻ അഹമ്മദിനെയും അടിച്ചു പരത്തുന്നതിൽ രോഹിത്ത് ശർമ്മ യാതൊരു മടിയും കാട്ടിയില്ല. മനോഹരമായ കവർഡ്രൈവുകളും, സ്ട്രെയിറ്റ് ഡ്രൈവുകളുമായിരുന്നു രോഹിത്തിന്രെ ഇന്നിങ്ങ്സിന്റെ ഹൈലൈറ്റ്. ബംഗ്ലാദേശ് ബോളർമാരുടെ ബൗൺസറുകളെയും രോഹിത്ത് ശർമ്മ അടിച്ചു പരത്തി.

ഐപിഎല്ലിന് ശേഷം രോഹിത്ത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ രോഹിത്തിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ 91 റൺസാണ് രോഹിത്ത് ശർമ്മ അടിച്ച് കൂട്ടിയത്.

ഇന്ന് നടന്ന രണ്ടാം സെമിയിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത്ത് ശർമ്മയുടെ സെഞ്ചുറി മികവിലാണ് അനായാസ വിജയം നേടിയത്. വിരാട് കോഹ്‌ലി 96 റൺസും നേടി.

ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. 2007ലെ ട്വന്റി-20 ലോകകപ്പിലേറ്റ പരാജയത്തിന് പകരം വീട്ടാനായിരിക്കും പാക്കിസ്ഥാൻ ഇറങ്ങുക. യുവനിരയുടെ ആവേശവും ചോരത്തിളപ്പും തന്നെയാണ് പാക്കിസ്ഥാന്റെ കരുത്ത്. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് പേരുകേട്ട താരങ്ങൾ തന്നെയാണ് കരുത്ത്. ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ