ന്യൂഡല്‍ഹി: നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യ-ശ്രീലങ്ക രണ്ടാം ടിട്വന്റിയിൽ ഏറ്റവും ആകർഷണീയമായത്. 35 ബോളിൽനിന്നായിരുന്നു രോഹിത്തിന്റെ സെഞ്ചുറി നേട്ടം. രോഹിതിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇത്ര മികച്ച പ്രകടനത്തിന്റെ രഹസ്യം എന്താണെന്ന് ആയിരുന്നു ചിലരുടെ ചോദ്യം.

ഇതിന് വ്യക്തമായ ഉത്തരവുമായാണ് രോഹിത് ഇന്‍സ്റ്റഗ്രാമിലെത്തിയത്. ഭാര്യയായ റിതിക സജ്ദേയ്ക്ക് ഒപ്പമുളള ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചത്. ഭാര്യയ്ക്ക് നേരെ കൈചൂണ്ടുന്ന ചിത്രത്തിന് ‘ഇതാണ് എന്റെ ഭാഗ്യമന്ത്രമെന്ന്’ രോഹിത് കുറിച്ചു. നിരവധി ലൈക്കുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 21ന് ജന്മദിനം ആഘോഷിച്ച റിതികയ്ക്ക് ഉളള സമ്മാനമാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം. ലങ്കൻ ബോളർമാരെ സിക്സറുകളും ഫോറുകളും പറത്തിയാണ് രോഹിത് വെളളം കുടിപ്പിച്ചത്. 12 ഫോറുകളും 10 സിക്സുകളും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. 2017 ൽ ടിട്വന്റിയിലെ രോഹിത്തിന്റെ സിക്സറുകളുടെ എണ്ണം ഇതോടെ 64 ആയി ഉയർന്നു.

അതിവേഗ സെഞ്ചുറി നേട്ടത്തോടെ ചില റെക്കോർഡുകളും രോഹിത് കൈപ്പിടിയിലൊതുക്കി. അതിവേഗ ടിട്വന്റി സെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെ റെക്കോർഡിനൊപ്പം രോഹിതും എത്തി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി ട്വന്റി സിക്സറുകൾ നേടിയ താരമെന്ന എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് രോഹിത് മറികടന്നു.

തിസാര പെരേരയാണ് രോഹിത്തിന്റെ ആക്രമണത്തിൽ ശരിക്കും വിയർത്തത്. തിസാരയുടെ ഒരു ഓവറിൽ 4 സിക്സറുകൾ പറത്തിയാണ് രോഹിത് അതിവേഗ സെഞ്ചുറിയിലേക്ക് എത്തിയത്. തിസാരയുടെ പന്തുകളെ തുടരതുടരെ രോഹിത് ബൗണ്ടറി ലൈൻ കടത്തി.

മൽസരത്തിൽ 89 റൺസിനായിരുന്നു ഇന്ത്യൻ ജയം. 17.2 ഓവറിൽ 170 റൺസിന് എല്ലാ ലങ്കൻ ബാറ്റ്സ്മാന്മാരെയും ഇന്ത്യ പുറത്താക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 261 റൺസിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിൽ വച്ചത്. രോഹിത് ശർമ്മ 48 പന്തിൽ നിന്ന് നേടിയ 118 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook